ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കേരളത്തിനു വേണ്ടി  മുഖ്യമന്ത്രി പി്ണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന് ബഹുമതി ഏറ്റുവാങ്ങി.
 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ സേവനങ്ങള്‍, ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍, നാലുലക്ഷത്തില്‍പരം ആളുകള്‍ക്ക് വീട്, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുളള  പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ്സ്റ്റേറ്റ് പുരസ്‌കാരം.
സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. കെ. എം. ഏബ്രഹാം, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി(കോഓര്‍ഡിനേഷന്‍) വി. എസ്. സെന്തില്‍, കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത തുടങ്ങിയവര്‍ ചടങ്ങില്‍  പങ്കെടുത്തു.
 ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗ്, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി എന്നിവരും അവരവരുടെ സംസ്ഥാനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.