ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം ഒറ്റക്കെട്ടായി ചെറുക്കണം
ആർദ്രതയോടെ രോഗിയെ പരിചരിക്കാനെത്തിയ ഡോക്ടർ വന്ദനയുടെ വേർപാടിന്റെ സാഹചര്യത്തിൽ നഴ്സസ് ദിനം സന്തോഷകരമായി ആചരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കി പുതിയ സ്വപ്നങ്ങൾ കണ്ടയാളാണ് ഡോ. വന്ദന. സാമ്പത്തിക പ്രതിസന്ധിയുള്ള രോഗികളെ സ്വന്തം കയ്യിൽ നിന്നും പൈസ എടുത്തു കൊടുത്ത് സഹായിച്ച ഒരു ഡോക്ടർ കൂടിയായിരുന്നു വന്ദന. ആ മകളുടെ വേർപാടിന് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല നഴ്സസ് ദിനാചരണം തിരുവനന്തപുരം എകെജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന അതിക്രമങ്ങളെ പൊതു സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ആരോഗ്യപ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ തടയുന്നതിന് വിവിധ സംഘടനകളുമായി ചർച്ച ചെയ്ത് നിയമഭേദഗതിക്ക് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കുറ്റകൃത്യം ചെയ്തവർ ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനായി ഓർഡിനൻസ് അടിയന്തരമായി പുറത്തിറക്കും. സമയബന്ധിതമായി ചികിത്സ ലഭ്യമാക്കി, ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ പെരുമാറുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുജനാരോഗ്യത്തിന് ത്യാഗസുരഭിലമായ ജീവിതം പിന്തുടരുന്ന നഴ്സുമാരുടെ തലമുറകളായുള്ള സേവനത്തിന്റെ ഓർമപ്പെടുത്തലാണ് ലോക നഴ്സസ് ദിനമായ മെയ് 12. ആഗോളതലത്തിൽ തന്നെ ഏറ്റവും സ്വീകാര്യതയുള്ളവരാണ് കേരളത്തിലെ നഴ്സുമാർ എന്നത് അഭിമാനകരമാണ്. ആരോഗ്യ സേവനത്തിൽ സ്വന്തം ജീവൻ നഷ്ടപ്പെട്ട നഴ്സുമാരുടെ ഉദാഹരണം നമുക്കു മുന്നിലുണ്ട്. നിപ്പ വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട സിസ്റ്റർ ലിനിയും കോവിഡ് ബാധിച്ച് മരണമടഞ്ഞ വർക്കലയിലെ സിസ്റ്റർ സരിതയും വേദനിപ്പിക്കുന്ന ഓർമകളാണ്.
നഴ്സിങ് മേഖലയിൽ സർക്കാർ ഗൗരവപൂർണമായ ഇടപെടലാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ വിദേശ യാത്രയുടെ തുടർച്ചയായി രണ്ട് ജോബ് ഫെയറുകൾ നടത്താൻ കഴിഞ്ഞു. ഇതിലൂടെ ഇടനിലക്കാരെ ഒഴിവാക്കി മറ്റ് ചെലവുകൾ ഇല്ലാതെ യോഗ്യത നേടിയവർക്ക് യുകെയിൽ നഴ്സിങ് മേഖലയിൽ തൊഴിൽ ലഭിച്ചു. ആഗോളതലത്തിൽ വരുംവർഷങ്ങളിൽ ഒൻപത് ദശലക്ഷം നഴ്സുമാരുടെ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തി മഞ്ചേരിയിലും പാരിപ്പള്ളിയിലും ഗവ. നഴ്സിംഗ് കോളേജുകൾ അനുവദിച്ചു. ഈ കഴിഞ്ഞ ബജറ്റിൽ 25 നഴ്സിംഗ് കോളേജുകൾ അനുവദിക്കാനുള്ള പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അധിക സീറ്റുകളും അധിക തസ്തികകളും സമയബന്ധിതമായി അനുവദിക്കാൻ സർക്കാരിന് സാധിച്ചു. നഴ്സസ് ആൻഡ് മിഡൈ്വവ്സ് കൗൺസിൽ പരാതി പരിഹരിക്കുന്നതിനുള്ള അദാലത്ത് സംഘടിപ്പിച്ചു. കോവിഡ് സാഹചര്യത്തിൽ വൈകിയ കോഴ്സുകൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികളുമെടുത്തു. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ നഴ്സുമാരുടെ പ്രാധാന്യം കൂടുകയാണ്. ‘നമ്മുടെ നഴ്സുമാർ നമ്മുടെ ഭാവി’ എന്ന നഴ്സസ്ദിന സന്ദേശം അന്വർത്ഥമാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ഉറപ്പു നൽകുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന നഴ്സസ് അവാർഡ് ആയ സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്‌കാരം പി ശ്രീദേവി, വി സിന്ധു മോൾ, എം സി ചന്ദ്രിക എന്നിവർക്ക് മന്ത്രി സമ്മാനിച്ചു.
വികെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ജോസ് ഡിക്രൂസ്, നഴ്സിംഗ് സർവീസസ് അഡീഷണൽ ഡയറക്ടർ ശോഭന എംജി, നഴ്സിംഗ് എജ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. സലീന ഷാ, നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഇൻ ചാർജ് ആശാ പി നായർ, ജില്ല നഴ്സിംഗ് ഓഫീസർ ബിന്ദു എസ്, ഡോ. ബന്നറ്റ് എബ്രഹാം, അനസ് എസ്എം, സജിത ടിഎസ്, കെ സി പ്രീത കൃഷ്ണൻ എന്നിവർ സംബന്ധിച്ചു