കേരള വികസനത്തിന്റെ നേർക്കാഴ്ചയുമായി എന്റെ കേരളം പ്രദർശന വിപണനമേളയുടെ പൂമുഖം. പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് ഒരുക്കിയ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പവലിയനാണ് സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളുടെ നേർകാഴ്ചകൾ കാഴ്ചക്കാരെ വരവേൽക്കുന്നത്.
60 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്ന സംസ്ഥാനം, വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്ന സംസ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങൾ പ്രദർശനം എടുത്തുകാട്ടുന്നു.
അഴിമതി വിമുക്ത പോലീസ് സേവനം, ഏറ്റവുമധികം സൗജന്യചികിത്സ നൽകുന്ന സംസ്ഥാനം എന്നിങ്ങനെയുള്ള നേട്ടങ്ങളും ഇൻഫർമേഷൻ വകുപ്പിന്റെ പവലിയനിൽ പ്രദർശിപ്പിക്കുന്ന നേട്ടങ്ങളുടെ പട്ടികയിലുണ്ട്. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ കൈവരിച്ച അഭിമാനനേട്ടങ്ങളും ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നുണ്ട്. ജില്ലയുടെ വികസന നേട്ടങ്ങളുടെ ഫോട്ടോകളും വിഡിയോകളും പ്രദർശിപ്പിക്കുന്ന മറ്റൊരു സ്റ്റാളും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയിട്ടുണ്ട്. സർക്കാർ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഡിസ്‌കൗണ്ട് നിരക്കിൽ ഇവിടെ ലഭ്യമാണ്.