ഈ വേനൽ ചൂടിലും പൊന്നാനിയിൽ പെരുമഴ, അതും സമ്മാനപ്പെരുമഴ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിലാണ് നിരവധി മത്സരങ്ങളും സമ്മാന വിതരണവും നടത്തുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ മോട്ടോർ വാഹന നിയമങ്ങളും റോഡ് സുരക്ഷയും അറിയാനായി നടത്തുന്ന പ്രശ്‌നോത്തരി മത്സരത്തിൽ നറുക്കെടുപ്പിലൂടെ ഹെൽമെറ്റ് സമ്മാനമായി നേടാം. കൂടാതെ പങ്കെടുക്കുന്നവർക്ക് മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു.
സപ്ലൈകോയുടെ കീഴിൽ നടത്തുന്ന പ്രശ്‌നോത്തരിയിൽ തിരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു ഗ്രാം സ്വർണം സമ്മാനമായി നൽകുന്നുണ്ട്.
ശുചിത്വ മിഷൻ നടത്തുന്ന മത്സരത്തിൽ പതിനഞ്ച് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവർക്ക് തിരഞ്ഞെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു. ഒന്നാം സമ്മാനം 1000 രൂപ രണ്ട് ഭാഗ്യശാലികൾക്കും രണ്ടാം സമ്മാനം 500 രൂപ മൂന്ന് പേർക്കും മൂന്നാം സമ്മാനം 250 രൂപ അഞ്ചു പേർക്കും മേളയുടെ സമാപന ദിവസം നൽകും.
കെ.എസ്.എഫ്.ഇ ഓരോ ദിവസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് ഫ്‌ളാസ്‌ക് സമ്മാനമായി നൽകുന്നു. ബംപർ സമ്മാനമായ സ്മാർട്ട്‌ഫോൺ സമാപന ദിവസം വിജയിക്ക് നൽകും.
കെ.എസ്.ഇ.ബിയുടെ സ്റ്റാളിൽ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എൽ.ഇ.ഡി ബൾബുകളാണ് സമ്മാനമായി നൽകുന്നത്. കൂടാതെ ബംപർ സമ്മാനം അവസാന ദിവസം നൽകും. സാമൂഹിക നീതി വകുപ്പ്, ഹോമിയോപതി, പട്ടിക ജാതി വികസന വകുപ്പ്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് തുടങ്ങിയ സ്റ്റാളുകളും ചോദ്യാവലിയും അതിന് ആകർഷകമായ സമ്മാനങ്ങളും നൽകുന്നുണ്ട്. പ്രദർശന വിപണന മേള കാണാൻ വരുന്നവർക്ക് കൈ നിറയെ സമ്മാനങ്ങളുമായി മടങ്ങാമെന്ന് ചുരുക്കം.