ആകർഷകവും വിജ്ഞാനപ്രദവുമായ വിദ്യാഭ്യാസ ഉള്ളടക്കം നിർമിക്കുന്നതിന് ആവശ്യമായ എല്ലാ വിഭവങ്ങളും നൽകുന്ന ഏകജാലക കേന്ദ്രമായ ‘കൈറ്റ് ലെൻസ്’ എഡ്യൂക്കേഷണൽ കണ്ടന്റ് ക്രിയേഷൻ ഹബ് എറണാകുളത്തെ ഇടപ്പള്ളിയിലെ കൈറ്റിന്റെ റീജിയണൽ റിസോഴ്സ് സെന്ററിൽ മെയ് 15 ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മികച്ച വിദ്യാഭ്യാസ ഉള്ളടക്കം സംബന്ധിച്ച് വ്യത്യസ്തവും നൂതനവുമായ ആശയങ്ങളുള്ള അധ്യാപകർക്ക് അവരുടെ ആശയം പൂർത്തീകരിക്കുന്നതിനുള്ള എല്ലാ സഹായവും നൽകുന്ന വിധത്തിലാണ് കൈറ്റ് ലെൻസ് സ്റ്റുഡിയോ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നത്.
സാധാരണ മൊബൈൽ ഫോണിൽ ഉൾപ്പെടെ ചെലവു കുറഞ്ഞ രൂപത്തിൽ ഡിജിറ്റൽ ഉള്ളടക്കം സാധ്യമാക്കുന്ന കൈറ്റ് ലെൻസ് രാജ്യത്തെ ആദ്യ സംരംഭമാണ്. പരമ്പരാഗത ക്ലാസ് റൂം പഠനവും ഡിജിറ്റൽ പഠനവും തമ്മിലുള്ള വിടവ് നികത്താൻ അധ്യാപകർക്ക് പ്രത്യേക പരിശീലനവും കൈറ്റ് ലെൻസിലൂടെ സാധ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
4K വീഡിയോ റെക്കോർഡിംഗ് സൗകര്യം, സൗണ്ട് ട്രീറ്റഡ് ഷൂട്ടിംഗ് ഫ്ലോർ, സൈക്ലോരമ, ക്രോമ സൗകര്യങ്ങൾ, സൗണ്ട്-വിഷ്വൽ മിക്സിങ്ങ്, ഗ്രാഫിക്-എഡിറ്റിംഗ് സ്യൂട്ട്, സൗണ്ട് ട്രീറ്റ്മെന്റ് സൗകര്യം തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുന്ന മികച്ച സ്റ്റുഡിയോ ഫ്ലോർ ആണ് കൈറ്റ് ലെൻസിനുള്ളത്.
രാവിലെ 9.30 ന് ഇടപ്പള്ളിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കൊച്ചി മേയർ വി. അനിൽ കുമാർ അദ്ധ്യക്ഷനും ഹൈബി ഈഡൻ എം.പിയും ഉമാ തോമസ് എം.എൽ.എയും മുഖ്യാതിഥികളുമായിരിക്കും.