പുതിയ ഇരിക്കൂർ പാലം യാഥാർത്ഥ്യമാക്കും :മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിക്കൂർ -മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ഇരിക്കൂർ പാലം യഥാർത്ഥ്യമാക്കാനുളള പ്രഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി സോയിൽ ഇൻവെസ്റ്റിഗേഷൻ നടപടികൾക്കായി 7.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് .കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഉളിക്കൽ – തേർമല – കാഞ്ഞിലേരി – കണിയാർ വയൽ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിക്കൂർ മണ്ഡലത്തിലെ എരുവെട്ടി – തേർത്തല്ലി റോഡിന് 1.75 കോടി രൂപയും നുച്യാട് – കാഞ്ഞിരക്കൊല്ലി റോഡിന് നാല് കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

61 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ഉളിക്കൽ – തേർമല – കാഞ്ഞിലേരി – കണിയാർ വയൽ റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇരിക്കൂർ, മട്ടന്നൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഉളിക്കൽ പടിയൂർ ഗ്രാമ പഞ്ചായത്തുകളിലൂടെയും ശ്രീകണ്ഠാപുരം നഗരസഭയിലൂടെയും കടന്നുപോകുന്ന റോഡാണിത്. മലയോര ഹൈവേയിൽ കോക്കാട് നിന്നും ആരംഭിച്ച് തേർമല, തിരൂർ, കാത്തിലേരി വഴി കണിയാർ വയലിൽ എത്തിച്ചേരുന്ന റോഡിന് 18 കി.മീ ദൂരമുണ്ട്. എട്ട് മീറ്റർ വീതിയുണ്ടായിരുന്ന റോഡിന്റെ ഇരു ഭാഗത്തുമുളള സ്ഥലമുടമകളിൽ നിന്നും സൗജന്യമായി സ്ഥലം ഏറ്റെടുത്ത് 12 മീറ്റർ വീതിയാക്കി ഏഴ് മീറ്റർ മെക്കാഡം ടാറിംഗും ആവശ്യമായ ഇടങ്ങളിൽ ഡ്രെയിനേജ് , ബേം കോൺക്രീറ്റ് കലുങ്കുകൾ സംരക്ഷണഭിത്തികളും നിര്‍മ്മിച്ചു. തിരൂർ ടൗണിൽ നടന്ന ചടങ്ങിൽ കെ.കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ വിശിഷ്ടാതിഥിയായി.

കെ ആർ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ,  ശ്രീകണ്ഠാപുരം നഗരസഭ ചെയർ പേഴ്സൺ കെ വി ഫിലോമിന , പടിയൂർ -കല്യാട് പഞ്ചായത്ത് പ്രസിഡന്‌റ്‌
ബി ഷംസുദ്ദീൻ, ജില്ലാ  പഞ്ചായത്ത് മെമ്പർ എൻ പി ശ്രീധരൻ ,  പടിയൂർ-കല്യാട് പഞ്ചായത്ത് മെമ്പർ സിനി സന്തോഷ്, കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിബു കൃഷ്ണ രാജ് , അസിസ്റ്റന്റ് എഞ്ചിനീയർ ടി.കെ റോജി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി പുരുഷോത്തമൻ , ചാക്കോ പാലക്കലോടി, കെ ആർ ലിജുമോൻ , കുര്യാക്കോസ് കുമ്പുക്കൽ, ജോർജ് മാത്യു, ഹംസ പേരട്ട എന്നിവർ സംസാരിച്ചു.