ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവ്വഹിച്ചു. ഈ സംരംഭം സ്ത്രീ ശാക്തീകരണ മേഖലയിൽ പുതിയ പാത തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
യാത്രകൾ ഇഷ്ട്ടപ്പെടുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജിലൂടെ വിവിധയിടങ്ങളിൽ കൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതിനായി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 15 പേർക്ക് തലശ്ശേരി കിറ്റ്സിൽ ടൂർ ആന്റ് ട്രാവൽ മാനേജ്മെന്റിൽ പരിശീലനം നൽകിയിരുന്നു. ഇതിൽ ഏഴ് പേർക്കാണ് സംരംഭത്തിന്റെ നടത്തിപ്പ് ചുമതല. സ്ത്രീ യാത്രകൾക്ക് പുറമെ
ഫാമിലി യാത്രകളും ഇതോടൊപ്പം സംഘടിപ്പിക്കും. ഗൈഡുമാരും സ്ത്രീകളായിരിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇത്തരമൊരു സ്ഥാപനം കേരളത്തിൽ ആദ്യമാണ്. രണ്ടാം ഘട്ടത്തിൽ വിമാനം, ട്രെയിൻ, ബസ് എന്നിവക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കും. കെ കെ ഷിബിനാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ചടങ്ങിൽ ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ ഓമന മുരളീധരൻ, കെ വി പ്രേമരാജൻ മാസ്റ്റർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൗൺസിലർ സി ബാലകൃഷ്ണൻ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത്, ബേക്കൽ റിസോർട്ട് ഡെവലപ്മെന്റ് കോർപ്പറേഷൻ എം ഡി പി ഷിജിൻ, കിറ്റ്സ് കോ ഓർഡിനേറ്റർ സി പി ബീന, കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ ശ്യാമള, ദി ട്രാവലർ സെക്രട്ടറി വി ഷജിന എന്നിവർ പങ്കെടുത്തു.