നൂതന ആശയങ്ങൾ സാക്ഷാത്കരിച്ചുകൊണ്ട് യുവതലമുറ നവകേരള സൃഷ്ടിയുടെ ഭാഗമാകണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. തൊഴിലില്ലായ്മ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് തൊഴിൽ ഉൽപാദകനായും തൊഴിൽ ദാതാവായും മാറാൻ യുവതലമുറ ലക്ഷ്യം വയ്ക്കണമെന്നും എൻറെ കേരളം എക്സിബിഷന്റെ ഭാഗമായി നടന്ന ‘ന്നാ ഒരു കൈ നോക്കിയാലോ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
സമസ്ത മേഖലകളിലേക്കുമായി കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ആയിരം കർമ്മ പദ്ധതികൾ ഒരുക്കുന്നത് സംബന്ധിച്ച് ഉദ്ഘാടന പ്രഭാഷണത്തിൽ മന്ത്രി പരാമർശിച്ചു. 30 കോടി രൂപയുടെ പ്രോജക്ട് ആണ് വിഭാവനം ചെയ്യുന്നത്.

കരിയർ എക്സ്പോ പവലിയനിൽ മികച്ച ജനപങ്കാളിത്തത്തോടെ നടന്ന സെമിനാറിന് ജില്ലാ ആസൂത്രണ സമിതിയാണ് നേതൃത്വം നൽകിയത്. ‘ഒരു പ്രശ്നം ഒരു സംരംഭം – യുവതയുടെ ആശയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ ദിവസങ്ങളിലായി യുവ ജനങ്ങളുടെ ആശയ അവതരണം നടത്തിയിരുന്നു.
കുളവാഴയിൽ നിന്നും പേപ്പർ ഉത്പാദനം നടത്തുന്ന ആശയത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കൂടാതെ ദേശീയ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ട ജില്ലാ പഞ്ചായത്തിന്റെയും കോർപ്പറേഷന്റെയും ആശയങ്ങൾക്കുള്ള അംഗീകാരവും വേദിയിൽ നൽകി. ദേശീയതലത്തിൽ ശ്രദ്ധ നേടിയ തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ സമേതം, നിരവധി അംഗീകാരങ്ങൾ ലഭിച്ച തൃശ്ശൂർ കോർപ്പറേഷന്റെ സ്കൈ വാക്ക് എന്നീ പദ്ധതികളെയാണ് ചടങ്ങിൽ ആദരിച്ചത്.
പദ്ധതി അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വടക്കാഞ്ചേരി നഗരസഭ, വെള്ളാങ്കല്ലൂർ ബ്ലോക്ക്, വെള്ളാങ്കല്ലൂർ പഞ്ചായത്ത് എന്നിവർക്കും പദ്ധതി അവതരണത്തിൽ പങ്കാളികളായവർക്കും പുരസ്കാരങ്ങൾ നൽകി. പുത്തൂർ സുവോളജിക്കൽ പാർക്കിനെക്കുറിച്ചുള്ള പ്രസന്റേഷനും സെമിനാറിന്റെ ഭാഗമായി നടന്നു.

തൃശ്ശൂർ മേയർ എം. കെ വർഗീസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യതിഥിയായി. പുത്തൂർ സവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി ഐ എഫ് എസ്, വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ആസൂത്രണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.