മഴക്കാലപൂർവ ശുചീകരണം, മാലിന്യ സംസ്കരണം എന്നിവ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശം നൽകി.
വാർഷിക പദ്ധതി വിവരങ്ങൾ കൃത്യമായി നൽകാനും അംഗീകാരം പൂർത്തിയാക്കാനും ഉദ്യോഗസ്ഥർ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷ പി പി ദിവ്യ പറഞ്ഞു.

പദ്ധതികൾ അതിവേഗം നടപ്പാക്കണമെന്നും പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ പിന്നോട്ട് പോകരുതെന്നും ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂർ വിവര സഞ്ചയികയുടെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. പദ്ധതി വിഹിതം ഏറ്റവും കൂടുതൽ വിനിയോഗിച്ച 19 തദ്ദേശ സ്ഥാപനങ്ങളെ യോഗത്തിൽ അഭിനന്ദിച്ചു.

2023-24 വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച് മെയ് 20നകം ആസൂത്രണ സമിതിക്ക് സമർപ്പിക്കാൻ യോഗം നിർദേശിച്ചു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2023-24 വർഷത്തെ ആക്ഷൻ പ്ലാൻ അംഗീകരിച്ചു. ഇതോടെ എല്ലാ നഗരഭരണ സ്ഥാപനങ്ങളുടെയും പദ്ധതിക്ക് ആസൂത്രണ സമിതി അംഗീകാരം ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം സജീവമാക്കണമെന്ന് യോഗം നിർദേശിച്ചു.

പി എസ് സി അംഗമായി ചുമതലയേറ്റ മുൻ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശന് അസൂത്രണ സമിതി യാത്രയയപ്പ് നൽകി.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ആസൂത്രണ സമിതി അംഗങ്ങളായ ടി ഒ മോഹനൻ, അഡ്വ.കെ കെ രത്നകുമാരി, അഡ്വ.ടി സരള, ഇ വിജയൻ മാസ്റ്റർ, കെ വി ലളിത, വി ഗീത, കെ താഹിറ, എം പി ശ്രീധരൻ, ലിസി ജോസഫ്, സർക്കാർ നോമിനി കെ വി ഗോവിന്ദൻ, ജില്ലാ റിസോഴ്സ് സെൻ്റർ വൈസ് ചെയർമാൻ ടി ഗംഗാധരൻ മാസ്റ്റർ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി ആർ മുരളീധരൻ നായർ, തദ്ദേശസ്ഥാപന പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.