ജൂണ്‍ 15 നകം പൂര്‍ത്തിയാകും

നവകേരളം വൃത്തിയുള്ള കേരള ക്യാമ്പയിന്റെ ഭാഗമായി ഹരിതമിത്രം-സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ആപ്പ് മുഖേന വിവരശേഖരണം നടത്തുന്നതിന് കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു. മാലിന്യ ശേഖരണം, സംസ്‌കരണം എന്നിവ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതി പ്രകാരമാണ് ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തില്‍ 16 വാര്‍ഡുകളിലായി 8400-ഓളം വീടുകളിലും തൊള്ളായിരത്തോളം വ്യാപാര സ്ഥാപനങ്ങളിലുമാണ് ക്യൂ.ആര്‍ കോഡ് സ്ഥാപിക്കുന്നത്. ജൂണ്‍ 15-ഓടെ ക്യു.ആര്‍ കോഡ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. ഗ്രാമപഞ്ചായത്തില്‍ ആകെ 32 ഹരിത കര്‍മ്മ സേനാംഗങ്ങളാണ് മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പഞ്ചായത്തില്‍ ഒരു പ്രധാന എം.സി.എഫും 16 മിനി എം.സി.എഫുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വീട്ടില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ എത്രയെന്നും അവയുടെ സംസ്‌കരണം എങ്ങനെയെന്നും മനസിലാക്കാനും മാലിന്യ സംസ്‌കരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ക്യു.ആര്‍ കോഡ് സ്ഥാപിക്കുന്നത് സഹായകമാകും. ഗ്രാമപഞ്ചായത്തില്‍ മാലിന്യം കുമിഞ്ഞ് കൂടുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ശുചീകരണ പ്രവര്‍ത്തങ്ങളും സജീവമായി നടക്കുന്നുണ്ട്.

ക്യു.ആര്‍ കോഡ് സ്ഥാപിക്കുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുമതി നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രകാശന്‍ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോമസുന്ദരന്‍, ജനപ്രതിനിധികള്‍, അസിസ്റ്റന്റ് സെക്രട്ടറി, വി.ഇ.ഒമാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.