ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് തുംബൂര്‍മുഴി എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ച് മണ്ണാര്‍ക്കാട് നഗരസഭ. കുന്തിപ്പുഴയുടെ തീരത്ത് സ്ഥാപിച്ചിട്ടുള്ള കമ്പോസ്റ്റ് യൂണിറ്റ് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്ഘാടനം ചെയ്തു. ‘ശുചിത്വ നഗരം സുന്ദരനഗരം’ എന്ന സന്ദേശവുമായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്‍പത് ലക്ഷം രൂപ ചെലവിലാണ് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. നീളവും ആഴവും വീതിയും 1.20 മീറ്റര്‍ എന്ന രീതിയില്‍ ഫെറോ സിമന്റ് ഉപയോഗിച്ചാണ് കമ്പോസ്റ്റ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

ഏകദേശം 1000 കിലോയോളം ജൈവമാലിന്യങ്ങള്‍ ഒരു ബിന്നില്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ മൂന്ന് ബിന്നുകളാണ് ഈ കമ്പോസ്റ്റ് യൂണിറ്റില്‍ ഉള്ളത്. ജൈവ മാലിന്യം വളമാക്കുന്നതിനുള്ള ബാക്ടീരിയ ഉണ്ടാകുന്നതിനായി അഞ്ച് ഇഞ്ച് കനത്തില്‍ ചാണകം ഇട്ട് അതിനുമുകളില്‍ അഞ്ച് ഇഞ്ച് കനത്തില്‍ ജൈവമാലിന്യം നിക്ഷേപിച്ച് ഇനോകുലം സ്പ്രേ ചെയ്താണ് മാലിന്യ സംസ്‌കരണം.

90 ദിവസം കൊണ്ട് മാലിന്യം വളമായി മാറും. ചോര്‍ച്ച ഉണ്ടായാല്‍ അത് സംഭരിക്കുന്നതിന് പ്രത്യേക ടാങ്കും യൂണിറ്റിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. കമ്പോസ്റ്റ് യൂണിറ്റ് ആകര്‍ഷമാക്കി മാറ്റുന്നതിനായി ചുറ്റും ചെടികള്‍ നട്ടുപിടിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തെ കുറിച്ച് ബോധവത്ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷഫീഖ് റഹ്മാന്‍, ബാലകൃഷ്ണന്‍, ഹംസ കുറുവണ്ണ, മാസിത സത്താര്‍, നഗരസഭ സെക്രട്ടറി പി.ബി കൃഷ്ണകുമാരി, ലെഫ്. കേണല്‍ ഹംസ, ജലീല്‍, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാടിനെ മനോഹരമാക്കാന്‍ ചുമര്‍ ചിത്രങ്ങള്‍

നഗര സൗന്ദര്യവത്ക്കണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ പൊതുചുമരുകളിലെല്ലാം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍, മാലിന്യം വലിച്ചെറിഞ്ഞാല്‍ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കുന്തിപ്പുഴ, സൈലന്റ് വാലി, മണ്ണാര്‍ക്കാട്ടെ വിവിധ ആരാധനാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ചുമര്‍ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് നൊട്ടമലയിലെ ചുമര്‍ചിത്രങ്ങള്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര സന്ദര്‍ശിച്ചു.