ക്രഷിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

സർക്കാറിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സർവകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തിൽ സജ്ജമാക്കിയ ക്രഷിന്റെ ഉദ്ഘാടനം മെയ് 17 ന് രാവിലെ 11.30ന് വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് നിർവഹിക്കും.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, അതിലൂടെ അവർക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, കുഞ്ഞുങ്ങൾക്ക് ചെറുപ്പകാലം മുതൽ തന്നെ മാതാപിതാക്കളിൽ നിന്നും അർഹതപ്പെട്ട കരുതൽ, സംരക്ഷണം, പോഷകാഹാരം എന്നിവ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തൊഴിലിടങ്ങളിൽ ശിശുപരിപാലന കേന്ദ്രങ്ങൾ സജ്ജമാക്കി വരുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളജുകളിൽ ക്രഷ് ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂർ മെഡിക്കൽ കോളജിലും എറണാകുളം മെഡിക്കൽ കോളജിലും, വെള്ളാനിക്കര അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി കോമ്പൗണ്ടിലും വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്രഷുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. ആറുമാസം മുതൽ ആറു വയസ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ക്രഷിൽ പരിപാലിക്കുന്നത്. ക്രഷിൽ കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു വർക്കറും ഒരു ആയയുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

2017 മെറ്റേണിറ്റി ബെനഫിക്ട് (ഭേദഗതി) ആക്ട് പ്രകാരം പെതു സ്വകാര്യ മേഖലകളിൽ ഉൾപ്പെടെ 50 ൽ അധികം ജീവനക്കാർ സേവനമനുഷ്ടിക്കുന്ന തൊഴിലിടങ്ങളിൽ ജീവനക്കാരുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് ശിശുപരിപാലന കേന്ദ്രം ആരംഭിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ് സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകപരമായ പദ്ധതി വനിതാ ശിശുവികസന വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ നാഷണൽ ക്രഷ് സ്‌കീമിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി മുഖേന 25 ക്രഷുകൾ സർക്കാർ/ പൊതു ഓഫീസ് സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നിടത്ത് പ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ സഹകരണത്തോടെ പട്ടം പി.എസ്.സി ഓഫീസ് ആസ്ഥാനത്ത് ക്രഷ് സജ്ജമാക്കിയിരുന്നു. തുടർന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ക്രഷ് സജ്ജമാക്കി. സംസ്ഥാനത്തെ പതിനേഴാമത്തെയും തിരുവനന്തപുരം ജില്ലയിലെ അഞ്ചാമത്തെയും ക്രഷിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിക്കുന്നത്.