ആരോഗ്യരംഗത്തെയും സര്‍ക്കാര്‍ ആശുപത്രികളെയും ശാക്തീകരിക്കുക എന്ന വലിയ ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. പട്ടാമ്പി നഗരസഭയിലെ ശിശു തീവ്രപരിചരണ വിഭാഗം, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഒബ്‌സര്‍വേഷന്‍ ബ്ലോക്ക്, അട്ടപ്പാടി ഉള്‍പ്പെടെ നാലോളം സര്‍ക്കാര്‍ ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
60 മുതല്‍ 70 ശതമാനത്തോളം രോഗികള്‍ എത്തുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണ്. അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം സൗജന്യ ചികിത്സയ്ക്ക് 1650 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. വലിയ ചെലവ് വരുന്ന അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ തീര്‍ത്തും സൗജന്യമായാണ് നല്‍കുന്നത്. റോബോട്ടിക് ക്യാന്‍സര്‍ സര്‍ജറി ട്രീറ്റ്‌മെന്റിന് സംസ്ഥാനം സജ്ജമാവുകയാണ്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പട്ടാമ്പിയില്‍ നടന്ന ഉദ്ഘാടന പരിപാടികളില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനായി. പട്ടാമ്പി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മിക്കുട്ടി, ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍ നീരജ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ ടി.വി റോഷ്, പട്ടാമ്പി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. യു.ടി മുഹമ്മദ് അബ്ദുറഹിമാന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് മരിയന്‍ കുറ്റിക്കാട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഒറ്റപ്പാലം താലൂക്കാശുപത്രി പീഡിയാട്രിക് യൂണിറ്റ് സ്ഥാപിക്കല്‍, മണ്ണാര്‍ക്കാട് താലൂക്കാശുപത്രി ഐ.സി.യു ബെഡ് സ്ഥാപിക്കല്‍, കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പീഡിയാട്രിക് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയുടെ ഉദ്ഘാടനമാണ് ഓണ്‍ലൈനായി നിര്‍വഹിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സുപ്രണ്ട് പത്മനാഭന്‍, ആര്‍.എം.ഒ ഡോ. ആര്യ, നേഴ്‌സിങ് സുപ്രണ്ട് റെജീന എന്നിവര്‍ പങ്കെടുത്തു.