വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ ഇരട്ടി സന്തോഷത്തിലാണ് കാരമുക്ക് സ്വദേശി കാർത്ത്യായനിയമ്മ.

വീട്ടുപണിയും മറ്റും ചെയ്ത് പലപ്പോഴായി കരുതി വച്ച പണം നൽകി നാല് സെന്റ് ഭൂമി വാങ്ങിയപ്പോൾ ഒരായുസിന്റെ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലായിരുന്നു കാർത്ത്യായനിയമ്മ. എന്നാൽ വാങ്ങിയ ഭൂമിയിൽ അവകാശം ഇല്ലെന്ന് അറിഞ്ഞപ്പോൾ നീണ്ട 22 വർഷത്തെ അധ്വാനം വേദനയായി. സ്വന്തം ഭൂമിയിൽ അവകാശം ലഭിക്കുന്നതിനായി പിന്നീടുള്ള ജീവിതം.

എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി കാരമുക്ക് വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയപ്പോൾ കാർത്ത്യാനിയമ്മയ്ക്കും സ്വപ്നം സഫലമായി. നാല് സെന്റ് മിച്ചഭൂമിക്കാണ് പട്ടയം ലഭിച്ചത്.

തന്റെ അവകാശരേഖ റവന്യൂമന്ത്രി കെ രാജനിൽ നിന്ന് നിറകണ്ണുകളുമായാണ് കാർത്ത്യായനിയമ്മ ഏറ്റുവാങ്ങിയത്. മന്ത്രിയുമായി സന്തോഷം പങ്കുവെച്ചാണ് അവർ മടങ്ങിയത്. പുഞ്ചിരിയോടെ മകനും ഭാര്യയും ചെറുമകളും ആ സന്തോഷ നിമിഷത്തിന് സാക്ഷിയായി.