*കാമ്പയിൻ പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം
വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നതെന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. സമതുലിതമായല്ല ആഗോളതലത്തിൽ ഇത് നേരിടേണ്ടി വരുന്നത്. നെറ്റ് സീറോ എമിഷൻ പ്രവർത്തനങ്ങൾക്കായി നവകേരളം കർമപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാമ്പയിൻ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 2023 മേയ് 17 ന് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് നാം തേടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിൽ ഇതിനകം നടത്തിയ പ്രാരംഭ പ്രവർത്തനങ്ങളുടെ അവലോകനവും അനുഭവ വിവരണവും ഉൾപ്പെടുത്തി രണ്ട് ദിവസത്തെ ശിൽപ്പശാലയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടുന്നതിനും പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്കുമായി ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതിനകംതന്നെ ദേശീയ ശ്രദ്ധ ആകർഷിച്ചു എന്ന് ചടങ്ങിൽ അദ്ധ്യക്ഷയായ നവകേരളം കർമപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050-ഓടെ നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്താനുള്ള സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇപ്പോൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങൾ. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് മുഖ്യപ്രഭാഷണം നടത്തി. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. പ്രൊഫ. പി.കെ. രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി.
കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ബ്രോഷർ പ്രകാശനം നിർവഹിച്ചു. നവകേരളം കർമപദ്ധതി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇന്ദു എസ്., അസിസ്റ്റന്റ് കോർഡിനേറ്റർ ടി.പി. സുധാകരൻ എന്നിവർ സംസാരിച്ചു. വടകര മുനിസിപ്പാലിറ്റിയുടെയും പീലിക്കോട്, കണ്ണപുരം, ചെറുകുന്ന്, മീനങ്ങാടി, വെട്ടം, അകത്തേത്തറ, മാടക്കത്തറ, വല്ലച്ചിറ, ആമ്പല്ലൂർ, മാണിക്കൽ, വെളിയന്നൂർ, ദേവികുളങ്ങര, കടമ്പനാട്, ഇരവിപേരൂർ, നെടുമ്പന, പൂതക്കുളം, കൊല്ലയിൽ, കാമാക്ഷി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളുടെ അനുഭവ വിവരണമാണ് ശില്പശാലയിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രൊഫ. പി.കെ. രവീന്ദ്രൻ ശിൽപ്പശാലയിൽ മോഡറേറ്ററായി. ഹരിതകേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.യു. സഞ്ജീവ് കാമ്പയിൻ അവതരണം നടത്തി. പ്രോഗ്രാം ഓഫീസർ വി. രാജേന്ദ്രൻ ശിൽപ്പശാലയിൽ പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വാഗതം പറഞ്ഞു.