ഭിന്നശേഷിക്കാരനായ സി വി ലോനപ്പന്റെ ജീവിത പ്രതിസന്ധിക്ക് തൊടുപുഴ അദാലത്തിൽ മന്ത്രി പരിഹാരം കണ്ടു . ജന്മനാ കാഴ്ച നഷ്ടപെട്ട തൊടുപുഴ വണ്ണപ്പുറം സ്വദേശി ലോനപ്പന് കേരള സഹകരണ വികസന ക്ഷേമ നിധി ബോർഡ് നടപ്പിലാക്കുന്ന റിസ്ക് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി 1.25 ലക്ഷം രൂപയാണ് അനുവദിച്ചത് . കൂടാതെ 4 വർഷം മുൻപ് കാർഷിക ആവശ്യങ്ങൾക്കായി എടുത്തിരുന്ന ലോൺ തുകയായ 10000 രൂപ അടയ്‌ക്കേണ്ടതില്ലെന്നും അദാലത്തിൽ തീരുമാനമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകളും ശാരീരികവസ്ഥയും കാരണം കഴിഞ്ഞ 4 വർഷമായി പലിശയും മുതലും തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. റിസ്ക് ഫണ്ടിൽ നിന്നും ഈ തുക ബാങ്കിലേക്കടയ്ക്കുകയും മിച്ചമുള്ള തുക ലോനപ്പന് കൈമാറണമെന്നും സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർദേശിച്ചു. തൊഴിലുറപ്പിന് പോകുന്ന ഭാര്യയും പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകളുമാണ് ലോനപ്പന്റെ സമ്പാദ്യം. നടക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം പ്രമേഹം വൃക്കയെ ബാധിക്കുകയും ചെയ്തത്തോടെ വളരെയധികം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. തുച്ഛമായ വരുമാനത്തിൽ കഴിയുന്ന തനിക്ക് ഈ സഹായം വലിയ പിടിവള്ളിയാണെന്ന് ലോനപ്പൻ പറയുന്നു.
ചിത്രം
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ലോനപ്പനുമായി സംസാരിക്കുന്നു.