സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേവികുളം താലൂക്ക് തല അദാലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ദീര്‍ഘകാലമായി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ലാതെ പരിഹാരം തേടി അദാലത്തിനെത്തിയ 75 കാരി സൈനബ ഉമ്മയുടെ കുടിവെള്ള പ്രശ്‌നത്തിന് ഉടനടി പരിഹാരമായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ മുന്നിലെത്തിയ പരാതിയില്‍ 10 ദിവസത്തിനുള്ളില്‍ തുടര്‍ നടപടി സ്വീകരിച്ച് കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

15 വര്‍ഷമായി അടിമാലി ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ അപ്‌സരകുന്ന് പ്രദേശത്ത് താമസക്കാരിയാണ് പരാതിക്കാരിയായ വാഴേപ്പറമ്പില്‍ സൈനബ കൊന്താലം(75). ഇതുവരെ അയല്‍വാസി നല്‍കിയ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. അവര്‍ സ്ഥലം മാറി പോയതോടെയാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമായത്. പാറക്കെട്ടും കുന്നിന്‍ ചരുവുമായതിനാല്‍ കിണര്‍ കുത്തിയാലും വെള്ളം കിട്ടാന്‍ പ്രയാസമാണിവിടെ. ഇവിടെ പൊതുജല വിതരണ സംവിധാനവും ഫലപ്രദമായിട്ടില്ല. അദാലത്തില്‍ പരാതി പരിഗണിച്ച് കുടി വെള്ളമെത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പില്‍ സന്തോഷവും സര്‍ക്കാരിന് നന്ദിയും അറിയിച്ചാണ് സൈനബ മടങ്ങിയത്.