തനിച്ചാക്കില്ല….. ചേര്‍ത്ത് പിടിക്കും….. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും….. മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി റിഹബിലിറ്റേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ സി. ബിജി ജോസിന്റെ കരുതല്‍ ആരും ആശ്രയമില്ലാത്ത ഒരു പറ്റം നിരാലംബര്‍ക്ക് കരുതലാവുകയാണ്. ഈ കരുതലിന് സംസ്ഥാന സര്‍ക്കാരും കൈതാങ്ങാവുകയാണ്. ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സിസ്റ്റര്‍ ബിജിയുടെ നാല് പരാതികള്‍ക്ക് പരിഹാരമായി. ഭിന്നശേഷിക്കാരനായ മുന്നയ്ക്ക് മുന്‍ഗണന കാര്‍ഡ് അനുവദിച്ചു നല്‍കണമെന്ന അപേക്ഷയില്‍ അനുകൂലമായ നടപടിയുണ്ടായി. 20 സുമനസ്സുകളുടെ സഹായത്തില്‍ 10.5 ലക്ഷം രൂപ മുതല്‍മുടക്കി സെന്ററിന് സമീപം തന്നെ മുന്നയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. എന്നാല്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടാതിരുന്നത് ആനുകൂല്യങ്ങളോ ചികിത്സ സഹായമോ ലഭിക്കുന്നതിന് തടസമായി. എന്നാല്‍ അദാലത്തില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നല്‍കാമന്ന ഉറപ്പിലൂടെ പരിഹാരം ഉണ്ടായിരിക്കുകയാണ്.

തൊഴില്‍പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാര്‍മല്‍ ജ്യോതി റിഹബിലിറ്റേഷന്‍ സെന്റര്‍ അഗതിമന്ദിരമാണെന്നും ഇവിടുത്തെ കുട്ടികള്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് 18 ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കാണ് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടത്. ഈ പ്രശ്‌നത്തിനും അദാലത്തിലൂടെ പരിഹാരം ഉണ്ടായിരിക്കുകയാണ്. ഈ 18 കുട്ടികള്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടിയായി.കാര്‍മല്‍ ജ്യോതി റീഹാബിലിറ്റേഷന്‍ സെന്ററിന് പുറത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുട്ടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും അദാലത്തില്‍ പരിഹാരമായി. 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിമാലി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തുന്ന പദ്ധതിയുടെ നടത്തിപ്പിന്റെ മുറയ്ക്ക് ഈ പ്രശ്‌നത്തിനും പരിഹാരമാകും.

പള്ളിവാസല്‍ ഗ്രാമപഞ്ചായത്തില്‍ ആനവിരട്ടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരു വീട് ദാനമായി ലഭിച്ചിരുന്നു. ഇവിടെ ആകെയുള്ളത് ഒരു ടോയ്‌ലറ്റ് മാത്രമാണ്. ഭിന്നശേഷി സൗഹൃദമായ ടോയ്ലറ്റുകള്‍ ഇവിടെ നിര്‍മിച്ചു നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ അനുകൂലമായ നടപടിയുണ്ടാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിര്‍ദേശം നല്‍കി. ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് കരുതലും കൈത്താങ്ങും ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തിലും പ്രതിഫലിക്കുന്നു.
1993 ല്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍മല്‍ ജ്യോതി സെന്റര്‍ ആരംഭിക്കുന്നത്. നിലവില്‍ 179 കുട്ടികളാണ് ഇവിടെ അധിവസിക്കുന്നത്.