*റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും
കേരളത്തിൽ അർഹരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ഭൂവിതരണത്തിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള പട്ടയ മിഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച (മെയ് 19) ഔപചാരിക തുടക്കമാകും.
രാവിലെ 11 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ റവന്യൂ ഭവന നിർമ്മാണ മന്ത്രി കെ രാജൻ പട്ടയ മിഷൻ ഉദ്ഘാടനം നിർവഹിക്കും.
പ്രത്യേക ദൗത്യമായി ഏറ്റെടുത്ത് അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂമിയുടെ രേഖയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷൻ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. പട്ടികവർഗവിഭാഗക്കാർ, മലയോര കർഷകർ, പട്ടികജാതി, മത്സ്യത്തൊഴിലാളി കോളനികളിൽ താമസിക്കുന്നവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അടിയന്തര പ്രാധാന്യത്തോടെ പട്ടയം നൽകാനായി പരിശ്രമിക്കുന്നത്.
ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് തലങ്ങളിൽ ദൗത്യസംഘങ്ങളെ നിയോഗിച്ചുകൊണ്ടാണ് പട്ടയമിഷൻ പ്രവർത്തനം ഉദ്ദേശിക്കുന്നത്. പട്ടയമിഷൻ ഉദ്ഘാടനത്തോടൊപ്പം കോട്ടയം ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും റവന്യൂ മന്ത്രി നടത്തും. ചടങ്ങിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംപിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പെങ്കടുക്കും