മെയ്, ജൂൺ മാസങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകളിൽ ഏറ്റവും കൂടുതൽ യൂസർ ഫീ ശേഖരിക്കുന്ന വാർഡുകൾക്ക് കളക്ടേഴ്സ് അവാർഡ് നൽകാൻ തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ചെയർമാൻ പി കെ ഡേവിസ് മാസ്റ്ററിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാരുടെ യോഗത്തിലാണ് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ അവാർഡ് പ്രഖ്യാപിച്ചത്.

ഗ്രാമപഞ്ചായത്തുകൾക്ക് കുറഞ്ഞത് 10,000 രൂപ, നഗരസഭകൾക്ക് 15,000 രൂപ, കോർപ്പറേഷൻ 25,000 രൂപ എന്നീ തോതിലാണ് ഓരോ വാർഡിലും യൂസർ ഫീ ശേഖരിക്കേണ്ടതാണ്. വലിച്ചെറിയൽ മുക്ത തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അവാർഡ് നൽകും.

100 ശതമാനം ഹരിത കർമ്മ സേനയ്ക്ക് കളക്ഷൻ നൽകുന്ന വാർഡുകൾക്കും എല്ലാ വീടുകളിലും ശുചിത്വ സംവിധാനം പൂർത്തിയാക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്കും അവാർഡ് നൽകുന്നതാണ്.
മെയ് 19, 20, 21 തീയതികളിൽ ശുചിത്വ പൂരം നടത്തും. മെയ് 19ന് സ്ഥാപനതല ശുചിത്വ പൂരം, 20ന് ജലാശയങ്ങളും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കൽ പൂരം, 21ന് ഗാർഹിക ശുചിത്വ പൂരം എന്നിങ്ങനെയാണ് നടത്തുക. ഇതിന്റെ ഭാഗമായി ശുചിത്വ മിഷൻ 16 ബ്ലോക്കുകളിലും ശുചിത്വ എക്സിബിഷൻ സംഘടിപ്പിക്കും.

ജൂൺ 5ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദ്ധതി ജനസമക്ഷം അവതരിപ്പിക്കണം.

ജില്ലാ ആസൂത്രണ സമിതി അംഗം പി എം അഹമ്മദ്, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി ഡോ.എം എൻ സുധാകരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി വി സുരേന്ദ്രൻ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എം ആർ അനൂപ് കിഷോർ, തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ മൈലവാരപ്പ്, ജില്ലാപ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി തോമസ്, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് ബെന്നി ജോസഫ്, മറ്റു ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.