ഭിന്നശേഷിക്കാരനായ മുഹമ്മദ് മുനീഫിലേക്ക് കരുതലിന്റെ കൈത്താങ്ങുമായി പെരിന്തൽമണ്ണ അദാലത്ത് വേദി. പഠിച്ച് പഠിച്ച് ഉയരങ്ങളിൽ എത്തണമെന്ന തന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ മുനീഫിന് കുറച്ച് പ്രതിസന്ധികളെ മറികടക്കേണ്ടത്തുണ്ട്. ഇതിനൊരു പരിഹാരം ലഭിക്കാനാണ് പിതാവിനൊപ്പം അദാലത്ത് വേദിയിലേക്ക് അവൻ എത്തിയത്. ജനിച്ചപ്പോൾ നട്ടെല്ലിലുണ്ടായിരുന്ന മുഴ നീക്കം ചെയ്തതിനെ തുടർന്ന് അരക്ക് താഴെ തളർന്നു പോവുകയായിരുന്നു. അന്ന് മുതൽ ചികിത്സക്കായി ഒരുപാട് തുക ചെലവാകേണ്ടി വന്നു. സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയം കൂലിപ്പണിക്കാരനായ പിതാവ് മുജീബാണ്.
പഠിക്കാൻ മിടുക്കനായ ഈ പതിനാറുകാരൻ പുത്തനങ്ങാടി സെൻറ്‌മേരിസ് പരിയാപുരം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഇതുവരെ സ്‌കൂളിൽ പോയിരുന്നത് ഇലക്ട്രോണിക് വീൽചെയർ ഉപയോഗിച്ചായിരുന്നു. എന്നാൽ വീൽചെയർ കേടായതിനാൽ സ്‌കൂളിലേക്കുള്ള യാത്ര തികച്ചും പ്രയാസമാണ്. ഭിന്നശേഷി കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഒരു സ്‌കൂട്ടർ കിട്ടിയാൽ യാത്ര എന്ന പ്രയാസം മറികടക്കാൻ മുനീഫീന് സാധിക്കും. കൂടെ ഭിന്നശേഷി കുട്ടികൾക്കായി സർക്കാർ നൽകിവരുന്ന 28,500 രൂപയുടെ സ്‌കോളർഷിപ്പിൽ മുനീഫീനു കിട്ടുന്നത് 6100 രൂപ മാത്രമാണ്. ഈ രണ്ട് വിഷയങ്ങൾക്ക് പരിഹാരം കാണാനാണ് അദാലത്ത് വേദിയിലേക്ക് വന്നത്.
കുട്ടിയുടെ അവശ്യം പരിഗണിച്ച് തീരുമാനം എടുക്കാനും സ്‌കോളർഷിപ്പ് വേഗം ലഭിക്കാനുമുള്ള നടപടികൾ ഉടനടി സ്വീകരിക്കുവാനും വകുപ്പ് തല ഉദ്യോഗസ്ഥർക്ക് മന്ത്രി ആന്റണി രാജു നിർദേശം നൽകി.
കനിവ് തേടി സാദിയ
തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് സാദിയയുടെ കുടുംബം. അപൂർവ രോഗമായ എം.എൽ.ഡി (Metachromaticleukodystrophy) ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സാദിയയെ ബാധിക്കുന്നത്. അതുവരെ സാധാരണ കുട്ടികളെ പോലെ കളിച്ചും ചിരിച്ചും പാറിനടന്നിരുന്ന സാദിയ ഇന്നു പൂർണമായി വീൽചെയറിലാണ്. ജലീലിന്റെ മൂത്തമകളും ഇതേ രോഗത്തെ തുടർന്ന് 23-ാം വയസ്സിൽ മരണപ്പെടുകയായിരുന്നു. ജലീലിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് അവർക്ക് വേണ്ട ചികിത്സാ സഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ആരോഗ്യവകുപ്പിനെ മന്ത്രി വി. അബ്ദുറഹിമാൻ ചുമതലപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ ചികിത്സാ സഹായത്തിനായി എത്തിയത് നിരവധി പേരാണ്.