*അദാലത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കും: മന്ത്രി പി. രാജീവ്

കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നിർദേശിക്കുന്ന തീരുമാനങ്ങൾ നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും ആലുവ താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒരു ദിവസത്തിൽ അവസാനിക്കുന്നതല്ല അദാലത്ത്. അദാലത്തിലെ തീരുമാനങ്ങൾ നടപ്പാകുന്നുണ്ടോ എന്ന് വിലയിരുത്താൻ ഒരു മാസത്തിനു ശേഷം അവലോകനം ചെയ്യും. അദാലത്തിന് നേതൃത്വം നൽകുന്ന മന്ത്രിമാർക്ക് എല്ലാ വകുപ്പുകൾ സംബന്ധിച്ചും തീരുമാനമെടുക്കാൻ മന്ത്രിസഭ അധികാരം നൽകിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് പഠിക്കാനുള്ള അവസരമാണ് അദാലത്ത് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

നിസാരമായ സാങ്കേതിക കാര്യങ്ങളെ തുടർന്ന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സാധാരണക്കാർക്ക് ലഭിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. പ്രസാദ് പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. ന്യായമായ എല്ലാ കാര്യങ്ങൾക്കും അദാലത്തിൽ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

17 പേർക്ക് ചടങ്ങിൽ റേഷൻ കാർഡുകൾ വിതരണം ചെയ്തു. തിരുത്തൽ വരുത്തിയ റവന്യൂ രേഖയും നൽകി. കോടതി നിർദേശപ്രകാരം ഭൂരഹിതരായ പട്ടികജാതി വിഭാഗത്തിനുള്ള പട്ടയ വിതരണവും നടന്നു.

ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്,
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡി.എഫ്.ഒ. രവി കുമാർ മീണ, ഡെപ്യൂട്ടി കളക്ടർമാരായ ഉഷ ബിന്ദു മോൾ, ബി.അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, ആലുവ താലൂക്ക് തഹസിൽദാർ സുനിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.