വടക്കാഞ്ചേരിയിൽ നടന്ന തലപ്പിള്ളി താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിൽ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 12 റേഷൻ കാർഡുകൾ വിതരണം ചെയ്തു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ എന്നിവർ ചേർന്ന് കാർഡുകളുടെ വിതരണം നിർവഹിച്ചു.
ക്യാൻസർ, വൃക്ക സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ തേടുന്ന 12 കുടുംബങ്ങൾക്കാണ് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തത്. തലപ്പിള്ളി താലൂക്കിലെ ബേബി, ജീവ, എൽസി, ശ്രീവിദ്യ ശങ്കരനാരായണൻ, ശകുന്തള, ഓമന, വി വി ദിവ്യ, സുഭദ്ര, കാർത്ത്യായനി, പ്രിയ, മായ, മുകുന്ദൻ എന്നിവർക്കാണ് കാർഡ് നൽകിയത്.
തിരുവില്വാമല സ്വദേശിനിയായ 66 വയസുകാരി സുഭദ്ര തൃശ്ശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയിലാണ്. 74 വയസായ ഭർത്താവ് കൃഷ്ണൻ ചെറിയ കൂലിപ്പണികൾക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടും പെൻഷൻ കൊണ്ടുമാണവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. മുൻഗണന കാർഡ് ലഭ്യമായതോടെ ചികിത്സയ്ക്കായി വലിയ തുക ഇനി നൽകേണ്ട എന്ന ആശ്വാസത്തിലാണ്. പരിശോധനകൾക്കും മരുന്നിനും ചികിത്സയ്ക്കുമായി ചെലവഴിക്കുന്നതിൽ നിന്ന് ഒഴിവായതിന്റെ ആശ്വാസത്തിലാന് ഇവർ.