മൂന്ന് വർഷമായി അലട്ടുന്ന പ്രശ്നത്തിന് ഉടനടി പരിഹാരം ലഭിച്ച സന്തോഷത്തിലാണ് നെടുമ്പാശ്ശേരി ആവണംകോട് കരുമ്മത്തി വീട്ടിൽ കെ ഒ വർഗീസ് കരുതലും കൈത്താങ്ങ് അദാലത്തിൽ നിന്നും മടങ്ങിയത്. വർഗീസിന്റെ പരാതി കാർഷിക കർഷക ക്ഷേമ വകുപ്പ് വകുപ്പ് മന്ത്രി പി പ്രസാദ് വിശദമായി പരിശോധിച്ച ശേഷമാണ് അനുകൂലമായ ഉത്തരവ് നൽകിയത്.
കാലടി മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ ആവണംകോട് ആലിക്കടവിൽ പ്രവർത്തിക്കുന്ന പമ്പ് ഹൗസിൽ നിന്നും കൃഷി ആവശ്യങ്ങൾക്കായി ഇറിഗേഷൻ കനാൽ വഴി വെള്ളം കൊണ്ടുപോയികൊണ്ടിരുന്ന തോട് സ്വകാര്യ വ്യക്തികൾ കയ്യേറി നികത്തിയതിനാൽ കൃഷി ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. 64 വർഷമായി ഈ തോട് വഴിയാണ് കൃഷി ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. വെള്ളം ലഭിക്കാത്തതിനാൽ വിളകൾ ഉണങ്ങി നശിക്കുകയാണ്. ഇറിഗേഷൻ കനാൽ വഴി വെള്ളം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന അപേക്ഷയുമായാണ് വർഗീസ് അദാലത്തിലെത്തിയത്.
മണ്ണ് ഇട്ട് നികത്തിയ തോടിൽ നിന്നും ഉടൻ മണ്ണ് നീക്കി പൂർവ്വ സ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി. ഈ മാസം 31 ന് മുമ്പായി ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച് കനാൽ പൂർവ്വസ്ഥിതിയിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.