ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് മാതൃകയായ ഫൈറ്റ് ഫോര്‍ ലൈഫ് മുട്ടിലില്‍ സംഘടിപ്പിച്ച സ്നേഹസദസ്സില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളില്‍ സഹായവുമായി എത്തിയ പുതിയാപ്പ, വെള്ളയില്‍ തീരങ്ങളിലെ മത്സ്യത്തൊഴിലാളികളെയും നിപ്പ രോഗബാധിതര്‍ക്ക് ഐസോലേഷന് വാര്‍ഡ് സജ്ജീകരിച്ച സിറാജ് വൈത്തിരിയെയും ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ ചടങ്ങില്‍ ആദരിച്ചു. ഐ.സി.എ.ആര് അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കെ.കെ അജ്മല്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി എല്‍.എല്‍.ബി ഒന്നാം റാങ്ക് നേടിയ അബി ഷെജ്രിക് ഫസ്ല, എയിംസ് അഡ്മിഷന് ലഭിച്ച ക്ലിന്‍സ് ജാക്സണ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മുട്ടില്‍ സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഭാരവാഹികള്‍ എന്നിവര്‍ ജില്ലാ പൊലിസ് മേധാവി കറുപ്പസാമിയില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മുട്ടില്‍ ടൗണിനെ മാതൃക ടൗണായി മാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ബാലകൃഷ്ണന് പ്രഖ്യാപിച്ചു. മുട്ടില്‍ സ്പര്‍ശം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് ഫൈറ്റ് ഫോര്‍ ലൈഫ് നല്കുന്ന ഹോം കെയര്‍ വാഹനം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് കൈമാറി. ഫൈറ്റ് ഫോര്‍ ലൈഫ് മുട്ടില്‍ ചെയര്മാന് നാസര്‍ അല്ലിപ്ര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
