ആലപ്പുഴ: പൂച്ചക്കൽ കമ്യൂണിറ്റി ഹാളിൽ നടന്ന അരൂർ നിയോജക മണ്ഡലത്തിന്റെ ധനസമാഹാരണ വേദിയിൽ ആദ്യമായി സംഭാവന നൽകിയത് അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികൾ . പാണാവള്ളി അസ്സീസി സ്‌പെഷ്യൽ സ്‌കൂളിലെ 73 വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിലെ അധ്യാപകരും 14 ജീവനക്കാരും ചേർന്ന് ശേഖരിച്ച 10,000 രൂപയാണ അരൂർ മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യമെത്തിയ തുക. തുക മന്ത്രി ജി.സുധാകരൻ ഏറ്റുവാങ്ങി. കുട്ടനാട്ടിലെ ദുരിതബാധിത മേഖലയിൽ ഇതിനുമുമ്പും സ്‌കൂൾ സഹായമെത്തിച്ചിരുന്നുവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോളി പറഞ്ഞു.നാലര വയസ്സുമുതൽ 65 വയസ്സുവരെയുള്ള ഭിന്നശേഷിയുള്ള 73 പേരാണ് ഇവിടുത്തെ വിദ്യർത്ഥികൾ. തെരേസ്യൻ കർമ്മലീത്ത സന്യാസ സഭയുടെ ദേവമാത പ്രൊവിൻസിന്റെ കീഴിലുള്ളതാണ് അസ്സീസി സ്‌കൂൾ.
