ആലപ്പുഴ: അരൂർ മണ്ഡലത്തിന്റെ ദുരിതാശ്വാസനിധി ധനസമാഹരണ വേദിയിൽ താരമായത് കൽപ്പണിക്കാരൻ ബാബുവാണ്. തൈക്കാട്ടുശ്ശേരി രണ്ടാം വാർഡ് ഉളവയ്പ്പ് സന്നിധാനം വീട്ടിൽ ബാബുവും കുടുംബവും പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. പ്രളയാനന്തരം സർക്കാർ നൽകിയ 10,000 രൂപ ധനസഹായവും കാശിക്ക് പോകാൻ സ്വരുകൂട്ടിയ 830 രൂപയുമെല്ലാം ഒരു മടിയും കൂടാതെ ബാബു പൊതുമരാമത്തുമന്ത്രി ജി. സുധാകരന് നൽകി.
കൊച്ചുമോൻ എൻ.ആർ. അനന്തൻ സമ്പാദിച്ച ചില്ലറ പൈസയുടെ കുടുക്കയും ദുരിതാശ്വാസ നിധിയിലേക്ക് നൽകിക്കാനും ബാബു മറന്നില്ല. അനന്തന്റെ കുടുക്കയിലെയും ബാബുവിന്റെ കാശിക്കുപോകാനായി സ്വരുക്കൂട്ടിയ കുടുക്കയിലെ ചില്ലറത്തുട്ടുകളും എണ്ണി വന്നപ്പോൾ 2508 രൂപയുണ്ടായിരുന്നതും എല്ലാവരേയും ഞെട്ടിച്ചു. മണപ്പുറം സെന്റ് തെരേസാസ് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ബാബുവിന്റെ മകന്റെ മകനായ അനന്തൻ. യാത്രകൾ പ്രിയമുള്ള ബാബു സന്നിധാനം ഒരുതവണ കാശിക്ക് പോയതാണ്. കാശിയാത്രയെക്കാൾ തനിക്ക് സന്തോഷം നൽകുന്നത് സഹജീവികളുടെ പുനരധിവാസം ആണെന്നാണ് ബാബുവിന് പറയാനുള്ളത്. കല്പണിക്കാരനായ താൻ ജോലി ചെയ്ത് ഇനിയും കാശിക്ക് പോകാനുള്ള പണം കണ്ടെത്തുമെന്നും ഈ 62 കാരൻ പറയുന്നു. സഹായധനം ദുരിതാശ്വാസ നിധിയിലേക്കു തിരിച്ചുനൽകുമ്പോഴും ഇതുതന്നെയാണ് ബാബുവിന് പറയാനുള്ളത്. തന്റെ നഷ്ടം താൻ പണിയെടുത്തു വീട്ടിക്കോളാമെന്നാണ് മന്ത്രിയോട് പറഞ്ഞത്.
