നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം സൗജന്യമായി പരിശോധിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുകയാണ് ജല അതോറിറ്റി. ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന കുടിവെള്ളത്തിലെ ബാക്ടീരിയ, പി.എച്ച്, അമോണിയ, ക്ലോറിൻ, ടർബിഡിറ്റി, ട്ടോടൽ ആൽക്കലി, ടോട്ടൽ ഹാർഡ്‌നെസ്, നൈട്രേറ്റ്, ഫ്‌ളൂറൈഡ്, അയൺ, ക്ലോറൈഡ് എന്നിങ്ങനെ 11 ഇന പരിശോധനകളാണ് സ്റ്റാളിൽ നടത്തുന്നത്.

ജല അതോറിറ്റി ഓഫീസിൽ 850 രൂപ അടച്ച് ചെയ്യേണ്ട പരിശോധനകളാണ് വാട്ടർ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് തികച്ചും സൗജന്യമായി നൽകുന്നത്. ഒരു ലിറ്റർ വെള്ളമാണ് പൊതുജനങ്ങൾ മേളയിലെ 55-ാം നമ്പർ സ്റ്റാളിലെത്തിക്കേണ്ടത്. മേയ് 30 നകം പരിശോധനാഫലം വാട്‌സ്അപ്പ് നമ്പറുകളിൽ അയച്ച് നൽകും. ജല അതോറിറ്റിയുടെ ഇ – ടാപ്പ് വെബ്‌സെറ്റിലൂടെ ലഭിക്കുന്ന സേവനങ്ങൾ, ഓൺലൈൻ പേയ്‌മെന്റ് എങ്ങനെ നടത്താം, ജല ജീവൻ മിഷൻ കണക്ഷൻ സംബന്ധിച്ച വിശദാംശങ്ങൾ, മറ്റ് ഉപഭോക്തൃ സേവനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ സ്റ്റാളിൽ ലഭിക്കും.