ക്ഷീരകർഷകരുടെ അധ്വാനത്തിന് ഉതകുന്ന രീതിയിൽ പാലിന് വില ലഭിക്കാത്തതും കന്നുകാലികൾക്കുണ്ടാകുന്ന രോഗങ്ങളും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുന്നതായി പി.ബി.എഫ് കാപ്പാട് പ്രോജക്ട് ഓഫീസർ ഡോ. സജി തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ‘ശാസ്ത്രീയ പശു പരിപാലനം: പ്രായോഗികസമീപനം എന്ന വിഷയത്തിലെ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും സംയോജിച്ചാണ് സെമിനാർ നടത്തിയത്. ക്ഷീര കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളെ കുറിച്ചും അവയെ എങ്ങനെ നേരിടാമെന്നും ക്ലാസ്സ് നയിച്ച ഡോ. സജി തോമസ് വിശദീകരിച്ചു.


സബ്സിഡി നിരക്കിൽ കർഷകർക്ക് ലഭ്യമാകുന്ന ഉപകരണങ്ങൾ സംബന്ധിച്ച് സെമിനാറിൽ വിശദീകരിച്ചു. പശുവളർത്തലിനോടൊപ്പം പുൽകൃഷി കൂടി നടത്തിയാലേ ക്ഷീരകർഷകർക്ക് മികച്ച ലാഭം നേടാനാകൂ. നല്ലയിനം പശുക്കൾ, മികച്ച രീതിയിലെ തൊഴുത്ത് നിർമാണം, കുളമ്പു രോഗങ്ങൾ, അകിടുവീക്കം എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ എന്നിവ സെമിനാറിൽ വിഷയമായി.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി സെമിനാറിൽ മോഡറേറ്ററായി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ മനോജ് കുമാർ, തലയോലപറമ്പ് കർഷകപരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ആർ. മിനി എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർമാർ, ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, ക്ഷീര വികസന ഓഫീസർമാർ എന്നിവർ പങ്കെടുത്തു.