കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തോടൊപ്പം ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയോട് അനുബന്ധിച്ച് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ കൃഷിയിടങ്ങളില്‍ നിന്നും പരമാവധി ഉല്‍പാദനം ഉറപ്പു വരുത്താന്‍ കഴിയണം. ഇതിനായി മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം, പുതിയ വിളകള്‍ അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ എന്നിവ കണ്ടെത്തണം, ആധുനിക രീതിയിലുള്ള കൃഷി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തണം, പരിസ്ഥിതിക്ക് അനുകൂലമായ ജൈവ കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കണം.

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ച് അഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി കണ്ടെത്തിയാല്‍ ചില ഉല്‍പന്നങ്ങള്‍ക്ക് ഇന്നത്തെ ശോച്യാവസ്ഥയില്‍ നിന്നും മാറ്റമുണ്ടാകും. വൈവിധ്യവല്‍ക്കരണത്തിലൂടെ കൃഷിയെ ആസ്പദമാക്കിയുള്ള വ്യവസായം പുഷ്ടിപ്പെടുത്തണം. കേരളത്തിലെ സമൂഹിക രംഗത്തുണ്ടായ പരിവര്‍ത്തനം മൂലം കാര്‍ഷിക മേഖലയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിന്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

കൃഷി വൈവിധ്യമുള്ളതാവണം, ആദായമുള്ള നല്ല തൊഴിലായി ജനങ്ങള്‍ അംഗീകരിക്കണം, പ്രശ്നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് മാത്രം പറയാതെ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. കൃഷിയിലേക്ക് ഉറച്ചുനില്‍ക്കാന്‍ തല്‍പരരായ ഒരു സംഘത്തെ നമ്മള്‍ സൃഷ്ടിച്ചെടുക്കണം, ഹരിത സേനകള്‍ക്ക് രൂപം കൊടുക്കണം, ശാസ്ത്ര സാങ്കേതിക വിദ്യകളെ കൃഷിയില്‍ ഉപയോഗിക്കണം. ഇതെല്ലാം ഫലപദമായി നേടിയെടുക്കുന്നതിന് കൃത്യമായ ബോധവല്‍ക്കരണവും കാര്‍ഷികമേഖലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂട്ടായ പരിശ്രമമവും ആവശ്യമാണ്. ഭക്ഷ്യവിളകളില്‍ നിന്നും വാണിജ്യവിളയിലേക്ക് മാറിയ സംസ്ഥാനമാണ് നമ്മുടേതെന്നും ഈ മുന്നേറ്റം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ചെറുധാന്യങ്ങള്‍ കൃഷിയും സാദ്ധ്യതകളും എന്ന വിഷയത്തില്‍ തിരുവല്ല സ്വദേശിയും സമ്മിശ്ര വിളകളുടെ കര്‍ഷകനുമായ പ്രശാന്ത് ജഗനും  നൂതന കാര്‍ഷിക സംരംഭങ്ങളും വിപണന ശ്യംഖലകളും എന്ന വിഷയത്തില്‍ കൃഷിവകുപ്പ്  മാര്‍ക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ മാത്യു എബ്രഹാമും ക്ലാസുകള്‍ നയിച്ചു. കോന്നി കൃഷി അസിസ്റ്റന്റ്  ഡയറക്ടര്‍ ഷിജുകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിസി കെ കോശി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സമ്മിശ്ര കര്‍ഷകരായ ലില്ലി കുട്ടി ഫിലിപ്പോസ്, ഗോപകുമാര്‍ എന്നിവര്‍ക്ക്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സോയില്‍ കാര്‍ഡ് വിതരണം ചെയ്തു.