രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവതരിപ്പിച്ച ‘കിരാതം’ കഥകളി പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമായി.
അയിരൂർ കഥകളി ഗ്രാമത്തിലെ കലാകാരന്മാരാണ്  ആ സ്വാദകർക്കായി കലാവിരുന്ന് ഒരുക്കിയത്. അവതരണത്തിനിടെ കാണികൾക്കിടയിലേക്ക് ഇറങ്ങി വന്ന കലാകാരന്മാർ അവതരണത്തിന്റെ പുതിയ ശൈലി തന്നെ കാണികൾക്കായി ഒരുക്കി. പഞ്ചപാണ്ഡവന്മാരിലെ അർജുനന് പരമേശ്വരനിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്ന  ‘കിരാതം’ കഥ തൻമയത്തോടെ ആടിയത് കാണികൾക്ക് അനുഭവവേദ്യമായി. അർജുന വേഷം ചെയ്ത് കലാമണ്ഡലം വിഷ്ണുമോൻ വിസ്മയിപ്പിച്ചപ്പോൾ കാട്ടാളനായെത്തുന്ന ശ്രീ പരമേശ്വരനായി കലാമണ്ഡലം അഖിൽ നിറഞ്ഞാടി. കാട്ടാളസ്ത്രീ ആയ പാർവതീദേവിയായി കലാമണ്ഡലം ഹരികൃഷ്ണനും പകർന്നാടി.