എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആകെ പരീക്ഷയെഴുതിയ 4,19,128 വിദ്യാർഥികളിൽ 4,17,864 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 99.7 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരുടെ ശതമാനക്കണക്ക്. 68,604 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണു ഫല പ്രഖ്യാപനം നടത്തിയത്.
കണ്ണൂർ റവന്യൂ ജില്ലയാണു വിജയശതമാനത്തിൽ മുന്നിൽ. 99.94 ശതമാനം പേർ ഇവിടെനിന്ന് ഉപരിപഠന യോഗ്യത നേടി. പാല, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലകൾ. 100 ശതമാനം വിദ്യാർഥികളും ഇവിടെ വിജയിച്ചു. വയനാട് റവന്യൂ ജില്ലയാണ് ഏറ്റവും കുറവ് വിജയശതമാനമുള്ള(98.41) ജില്ല. വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ലയും വയനാടാണ്.
പരീക്ഷയെഴുതിയ 1,04,772 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡും അതിനു മുകളിലും 1,52,025 പേർക്ക് എല്ലാ വിഷയങ്ങൾക്കും ബി പ്ലസ് ഗ്രേഡും അതിനു മുകളിലും 2,16,582 പേർക്ക് എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡും അതിനു മുകളിലും 2,97,737 പേർക്ക് എല്ലാ വിഷയങ്ങൾക്കും സി പ്ലസ് ഗ്രേഡും അതിനു മുകളിലും 3,78,874 പേർക്ക് എല്ലാ വിഷയങ്ങൾക്കും സി ഗ്രേഡും അതിനു മുകളിലും 4,17,864 പേർക്ക് എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡും അതിനു മുകളിലും ലഭിച്ചു. 1,101 പേർക്ക് ഏതെങ്കിലും വിഷയത്തിനു ഡി ഗ്രേഡ് ലഭിച്ചു.
പുതിയ സ്‌കീമിൽ പ്രൈവറ്റ് വിഭാഗത്തിൽ 150 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. ഇതിൽ 100 പേർ ഉന്നത പഠനത്തിനു യോഗ്യത നേടി. 66.67 ആണു വിജയശതമാനം. പഴയ സ്‌കീമിൽ പ്രൈവറ്റ് വിഭാഗത്തിൽ 45 പേർ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തതിൽ 29 പേർ വിജയിച്ചു. 64.44 ആണ് വിജയശതമാനം. പട്ടികജാതി വിഭാഗത്തിൽ 39,441 പേർ പരീക്ഷയെഴുതിയതിൽ 39,078 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയശതമാനം 99.08. 2339 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. പട്ടിക വർഗ വിഭാഗത്തിൽ 7420 പേർ പരീക്ഷയെഴുതിയതിൽ 7174 പേർ ഉപരിപഠന യോഗ്യത നേടി. 96.68 ആണ് വിജയ ശതമാനം. 173 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒബിസി വിഭാഗത്തിൽ 2,90,569 പേർ പരീക്ഷയെഴുതിയതിൽ 2,90,003 പേരും ഒ.ഇ.സി. വിഭാഗത്തിൽ 12,598 പേർ പരീക്ഷയെഴുതിയതിൽ 12,577 പേരും വിജയിച്ചു. യഥാക്രമം 99.81, 99.83 എന്നിങ്ങനെയാണു വിജയശതമാനം. ഗൾഫ് മേഖലയിലെ എട്ടു സ്‌കൂളുകളിൽ 518 പേർ പരീക്ഷയെഴുതിയതിൽ 504 പേർ (97.3%) ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി. ലക്ഷദ്വീപിൽ എട്ടു സ്‌കൂളുകളിലായി 289 പേർ പരീക്ഷയെഴുതിയതിൽ 283 പേർ (97.92%) ഉപരിപഠന യോഗ്യത നേടി.
ആകെ 3061 സ്‌കൂളുകളിൽ 2581 ഇടത്തും മുഴുവൻ വിദ്യാർഥികളും ഉപരിപഠന യോഗ്യത നേടി. ഇതിൽ സർക്കാർ മേഖലയിലെ ആകെ 1173 സ്‌കൂളുകളിൽ 951, എയ്ഡഡ് മേഖലയിലെ 1430 സ്‌കൂളുകളിൽ 1191, അൺ എയ്ഡഡ് മേഖലയിലെ 458 സ്‌കൂളുകളിൽ 439 എന്നിങ്ങനെയാണു കണക്ക്.
എസ്.എസ്.എൽ.സി. ശ്രവണ പരിമിതർക്കായുള്ള വിഭാഗത്തിൽ 227 പേർ പരീക്ഷയെഴുതിയതിൽ 226 പേർ ഉപരിപഠന യോഗ്യത നേടി. 99.55 ആണ് വിജയശതമാനം. ടി.എച്ച്.എസ്.എൽ.സി. പരീക്ഷയിൽ 2916 പേർ പരീക്ഷയെഴുതിയതിൽ 2913 പേർ വിജയിച്ചു. 99.9 ആണ് വിജയശതമാനം. ടി.എച്ച്.എസ്.എൽ.സി.(ശ്രവണ പരിമിത) വിഭാഗത്തിൽ 100 ശതമാനം ആണ് വിജയം. 13 പേർ പരീക്ഷയെഴുതിയതിൽ 13 പേരും വിജയിച്ചു. എ.എച്ച്..എൽ.എസ്.സി. പരീക്ഷയെഴുതിയ 60 വിദ്യാർഥികളിൽ 53 പേർ ഉപരിപഠന യോഗ്യത നേടി. വിജയ ശതമാനം 88.33.
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യ വാരം ഡിജി ലോക്കറിൽ ലഭ്യമാകുമെന്നു മന്ത്രി അറിയിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഇന്നു(മേയ് 20) മുതൽ 24 വരെ അപേക്ഷിക്കാം. 2024ലെ സേ പരീക്ഷ മാർച്ച് നാലു മുതൽ ആരംഭിക്കണമെന്നാണ് ആലോചിക്കുന്നതെന്നും അധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.