കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിർവഹിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻമുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർപട്ടികജാതിപട്ടിക വർഗ്ഗ പാർലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻപ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ പങ്കെടുക്കും. ജനുവരി 9 മുതൽ 15 വരെ നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവം സംബന്ധിച്ച് തയാറാക്കിയ സുവനീറിന്റെ പ്രകാശനവും നിയമസഭാമന്ദിര പരിസരത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും. നിയമസഭാങ്കണത്തിൽ അദ്ദേഹം വൃക്ഷത്തൈ നടുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം സംഘടിപ്പിക്കുന്ന മുൻ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയിൽ മുൻ മുഖ്യമന്ത്രിമാർമുൻ സ്പീക്കർമാർ, അഖിലേന്ത്യാ വെറ്ററൻസ് മീറ്റുകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ മുൻ എം.എൽ.എ എം.ജെ. ജേക്കബ് എന്നിവരെ ആദരിക്കും. തുടർന്ന് വൈകീട്ട് 4 മുതൽ 6 വരെ അൻവർ സാദത്ത്സ്റ്റീഫൻ ദേവസ്സി എന്നിവർ നയിക്കുന്ന എന്റെ കേരളം – സംഗീത സായാഹ്നം’ പരിപാടിയുമുണ്ട്.

രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മേയ് 20, 23 തീയതികളിൽ രാവിലെ 10.30 മുതൽ രാത്രി 8 വരെയും മേയ് 22 ന് ഉച്ച 2.30 മുതൽ രാത്രി 8 വരെയും പൊതുജനങ്ങൾക്ക് നിയമസഭാ ഹാളും മ്യൂസിയവും സന്ദർശിക്കാവുന്നതാണ്. മേയ് 21 ന് പൊതുജനങ്ങൾക്ക് നിയമസഭയിൽ പ്രവേശനം ഉണ്ടായിരിക്കില്ല.