ഏഴുവർഷം കൊണ്ടു മൂന്നുലക്ഷം കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഭൂമിയുടെ അവകാശികളാക്കിയെന്നു റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കൈവശാവകാശത്തിനു കേവലം പട്ടയം നൽകുക മാത്രമല്ല, ആദിവാസി പ്രാക്തന ഗോത്രങ്ങളടക്കം ഭൂമിക്ക് അവകാശമുള്ള മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ദൗത്യമായ പട്ടയമിഷന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ അർഹരായവർക്കുള്ള 256 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അയർക്കുന്നം സ്വദേശി കെ. അനിൽകുമാർ മന്ത്രിയിൽനിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങി. ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു.
പട്ടയവിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് പട്ടയമിഷൻ രൂപീകരിക്കുന്നത്. 140 മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ളവരുടെ യോഗം വിളിച്ചു ഭൂമിയില്ലാത്തവരെ കണ്ടെത്തും. നൽകിയ പട്ടയങ്ങളിലെ സങ്കീർണമായ പ്രശ്‌നങ്ങൾ പരിഹരിക്കും. കോളനികൾക്കു മുഴുവനും പട്ടയം കൊടുക്കാനുള്ള തീരുമാനം പട്ടയമിഷന്റെ ഭാഗമാകും. സർക്കാർ വകുപ്പുകൾക്കു നൽകിയിട്ടുള്ള ഭൂമിയിൽ ഉപയോഗിക്കാതെ കിടക്കുന്നതു തിരിച്ചെടുത്തു ഭൂമിയില്ലാത്തവർക്കു കൈമാറുന്നതിനുള്ള പ്രവർത്തികൾ ഊർജിതമാക്കും. വനഭൂമിയിലെ പട്ടയവിതരണത്തിനു മാർഗരേഖയുണ്ടാക്കും.
എയ്ഞ്ചൽവാലിയിലെ ബാക്കിയുള്ള പട്ടയങ്ങൾ റദ്ദാക്കി പുതുക്കി നൽകുന്നതിനായി ജൂൺ 6,7 തിയതികളിൽ എയ്ഞ്ചൽവാലി സെന്റ് മേരിസ് സ്‌കൂളിൽ റവന്യൂ വകുപ്പിന്റെ പ്രത്യേകസംഘം അപേക്ഷകൾ സ്വീകരിക്കും. ഈ അപേക്ഷകളിൽ ഓഗസ്റ്റ് 30ന് അകം പുതിയ പട്ടയങ്ങൾ നൽകും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഓൺലൈനായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏറെ മുന്നേറ്റം നടത്താൻ റവന്യൂ വകുപ്പിന് കഴിഞ്ഞതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, എം.എൽ.എ.മാരായ സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് കമ്മിഷണർ അനു എസ്. നായർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി. ബിനു, രാജീവ് നെല്ലിക്കുന്നേൽ, നെബു ഏബ്രഹാം, സാൻവിൻ കൊടിയന്തറ എന്നിവർ പ്രസംഗിച്ചു.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂമിയുടെ രേഖയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർ, മലയോര കർഷകർ, പട്ടികജാതി, മത്സ്യത്തൊഴിലാളി കോളനികളിൽ താമസിക്കുന്നവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ അടിയന്തര പ്രാധാന്യത്തോടെ പട്ടയം നൽകുന്നത്. സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് തലങ്ങളിൽ ഇതിനായി ദൗത്യ സംഘങ്ങളെ നിയോഗിച്ചായിരിക്കും പട്ടയം മിഷന്റെ പ്രവർത്തനം .