സമഗ്ര ആരോഗ്യ പരിരക്ഷയുടെ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സൗജന്യ ചികിത്സക്കായി സർക്കാർ പണം മാറ്റിവയ്ക്കുന്നതെന്നും തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ 40 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് ആരോഗ്യ കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
ജോലിഭാരത്തിനിടയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് സഹായകമാവുന്ന ഡേ കെയർ ക്രഷുകൾ സ്ഥാപിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി അമ്മമാർക്ക് അവസരങ്ങൾ, ട്രോമ കെയർ ആൻഡ് ട്രയാജ് കെട്ടിടം തുടങ്ങിയ വികസനത്തിന്റെ 26 പദ്ധതികളാണ് സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി തൃശൂർ മെഡിക്കൽ കോളേജിൽ സൃഷ്ടിച്ചത്.

ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ബി ഷീല റിപ്പോർട്ട് അവതരിപ്പിച്ചു. അലൂംനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് നിഷ എം ദാസ്, മുൻസിപാലിറ്റി ചെയർമാൻ പി എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ മെഡിക്കൽ കോളേജിലെ 40 കോടിയുടെ വിവിധ പദ്ധതികൾ:
ട്രോമ കെയർ & ട്രയാജ് കെട്ടിടം (7.04 കോടി രൂപ)
പുതിയ ട്രയാജ് സംവിധാനം വന്നതോടുകൂടി എല്ലാ പ്രധാന മെഡിക്കൽ വിഭാഗങ്ങളിലെയും ഡോക്ടർമാർ ഒരു ടീമായി അത്യാസന്ന നിലവിലുള്ള രോഗികളെ പരിചരിക്കും. മാത്രമല്ല ലാബ്, എക്സ്റേ, സി ടി സ്കാൻ തുടങ്ങി എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ രോഗികൾക്ക് ലഭ്യമാണ്.
തീപ്പൊള്ളൽ പരിചരണ യൂണിറ്റ് .(2. 69 കോടി രൂപ )
തൃശൂർ മെഡിക്കൽ കോളജിൽ നവീകരിച്ച പൊള്ളൽ ചികിത്സാ വിഭാഗം പ്രവർത്തനം ആരംഭിച്ചു. 15 രോഗികൾക്ക് ഒരേ സമയം ആധുനിക ചികിത്സ നൽകുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. തീവ്ര പരിചരണ വിഭാഗം, വാർഡുകൾ, ഓപറേഷൻ തീയേറ്റർ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
രോഗികൾക്ക് അണു ബാധ എൽക്കുന്നതിനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിന് ആധുനിക ശീതീകരണ സംവിധാനവും മറ്റ് സൗകര്യങ്ങളും ഇവടെയുണ്ട്. 24 മണിക്കൂറും പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം ലഭ്യമാണ്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള ഓപറേഷൻ തിയേറ്ററിൽ പൊള്ളൽ രോഗികൾക്ക് ആവശ്യമുള്ള എല്ലാ ശാസ്ത്രക്രിയകളും നടത്താനുള്ള സൗകര്യമുണ്ട്.
എം. ആർ. ഐ. സ്കാൻ – നെഞ്ചുരോഗാശുപത്രി (6.9 കോടി രൂപ)
1.5 ടെസ്ല എം ആർ ഐ സ്കാൻ 6.59 കോടി രൂപ ആർ എസ് ബി ഐ ഫണ്ടിൽ നിന്നും ചിലവഴിച്ചാണ് സ്ഥാപിക്കുന്നത്. തൃശൂർ ജില്ലയിൽ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ എംആർഐ സ്കാൻ മെഷീനാണിത്.
ഡിജിറ്റൽ റേഡിയോഗ്രാഫി @ ട്രോമാ കെയർ ബ്ലോക്ക് (1, 72 കോടി)
ഡി ആർ മെഷീൻ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച നിലവാരമുള്ള എക്സ്-റേ ചിത്രങ്ങൾ നൽകുന്നു. അപകടത്തിപ്പെട്ടു വരുന്ന രോഗികളുടെ ചികിത്സാ സൗകര്യം പുതിയ ട്രോമ കെട്ടിടത്തിൽ സ്ഥാപിച്ച ഈ ഉപകരണം മെച്ചപ്പെടുത്തുകയും എക്സ്-റേ ഫിലിമുകളുടെ ഉപയോഗം കുറയ്ക്കുകയും ചെയ്യും.
ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി (60 ലക്ഷം രൂപ)
ശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രത്യേക എക്സറേ എടുക്കുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി.
സോളാർ വൈദ്യുത പദ്ധതി @ അക്കാദമിക് ബ്ലോക്ക് (1 കോടി രൂപ)
മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്കിന്റെ മുകളിൽ സ്ഥാപിച്ച 10 കിലോവാട്ട് ശേഷിയുള്ള ഗ്രിഡ് കണക്റ്റഡ് സോളാർ പ്ലാന്റ് ൽ നിന്നും ഈ കെട്ടിടത്തിലേക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. തന്മൂലം വൈദ്യുതി ചാർച്ച് ഇനത്തിൽ വലിയ തുക ലാഭിക്കാൻ കഴിയും. പ്ലാന്റിന്റെ 5 വർഷത്തെ പരിപാലനം പദ്ധതിയുടെ ഭാഗമാണ്.
ഗസ്റ്റ് ഹൌസ് നിർമ്മാണം – രണ്ടാം ഘട്ടം (30 ലക്ഷം രൂപ )
ഒരു വി. ഐ. പി. മുറിയും 11 മറ്റ് മുറികളും അടുക്കളയും ഉള്ള കെട്ടിടം പ്രവർത്തന സജ്ജമാണ്. തൃശൂർ മെഡിക്കൽ കോളേജിലും അനുബന്ധ സ്ഥാപനങ്ങളിലും ദേശീയ കൗൺസിലുകൾ നടത്തുന്ന പരിശോധന, പരീക്ഷാ നടത്തിപ്പ്, ഓഡിറ്റ് തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ താമസം അനുവദിക്കും.
ആർ ബി എസ് കെ ട്രെയിനിങ് സെന്റർ & ഡിസ്ട്രിക്ട് ഏർലി ഇന്റർവെൻഷൻ സെന്റർ കെട്ടിടം (2.1 2 കോടി രൂപ)
ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സേവനങ്ങളും രക്ഷിതാക്കൾ, കെയർടേക്കർമാർ, ഫാക്കൽറ്റികൾ തുടങ്ങിയവർക്കുള്ള പരിശീലന പരിപാടികളും നൽകും.
ഇ-ഹെൽത്ത് പദ്ധതി (1.35 കോടി രൂപ)
ഓൺലൈൻ ഓ പി ടിക്കറ്റ് ബുക്കിങ്, ലാബ് ഫലങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കുന്നതിനുള്ള സൗകര്യം, രോഗിയുടെ പെർമനന്റ് ഹെൽത്ത് റെക്കോർഡ് ആശുപത്രിയിൽ ഉണ്ടാകുന്നതുമൂലം രോഗിയുടെ എല്ലാ വിവരങ്ങളും പെട്ടെന്ന് ലഭിക്കുന്നതിനുള്ള സൗകര്യം എന്നിവ ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു.
ആംബുലൻസ് ട്രാക്ക് നിർമ്മാണം (42 ലക്ഷം രൂപ)
നെഞ്ച് രോഗാശുപത്രിയിൽ നിന്നും പുതിയ ആശുപതിയിലേക്കുള്ള റോഡ് കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് പൂർണ്ണമായും ഗതാഗത യോഗ്യമാക്കിയതോടെ രണ്ട് ആശുപത്രികൾക്കും ഇടയിലുള്ള വാഹന സഞ്ചാരം സുഗമമാക്കി.
പുതിയ ലിഫ്റ്റ് @ കീമോ തെറാപ്പി ഡേകെയർ കെട്ടിടം (35 ലക്ഷം രൂപ)
നെഞ്ച് രോഗാശുപത്രിയിലെ ഡേ കെയർ കെട്ടിടത്തിൽ സ്ഥാപിച്ച ലിഫ്റ്റ് കീമോ തെറാപ്പി എടുക്കുന്ന രോഗികൾക്കും ഇനി വരാനിരിക്കുന്ന സർജിക്കൽ ഓങ്കോളജി ഓപ്പറേഷൻ തീയ്യറ്ററിന്നും ഉപകാരപ്രദമാകും.
മോർച്ചറി കോംപ്ലക്സിലേക്ക് ജനറേറ്റർ (18.71 ലക്ഷം രൂപ)
മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ മോർച്ചറി കോംപ്ലെക്സിൽ സ്ഥാപിച്ചിരിക്കുന്ന ഈ ജനറേറ്റർ അവിടെ തടസ്സം മൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി.
സർജിക്കൽ ഓങ്കോളജി ഓ. പി. & ഓപ്പറേഷൻ തീയറ്റർ (2 കോടി രൂപ)
നെഞ്ച് രോഗാശുപത്രിയിലെ സർജിക്കൽ ഓങ്കോളജി ഓ പി വിഭാഗവും ഡേ കെയർ കെട്ടിടത്തിന്റെ മുകളിലെ സർജിക്കൽ ഓ ടി അനുബന്ധ മുറികളും കാൻസർ രോഗികൾക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനും സർജിക്കൽ ഓങ്കോളജിസ്റ്റിനെ കാണുന്നതിനും ഒരു കുടകീഴിൽ തന്നെ റേഡിയേഷൻ, സർജറി, കീമോതെറാപ്പി വിഭഗങ്ങൾ കൊണ്ടുവരുന്നതിനും സഹായകമാകും.
നവീകരിച്ച പവർ ലോൺട്രി (35 ലക്ഷം രൂപ)
വളരെ പഴക്കം ചെന്ന ലോൺട്രി മെഷ്യനുകൾ ഒഴിവാക്കി പുതിയ ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചതോടെ ആശുപത്രിയിലെ ബെഡ് ഷീറ്റ് മുതലായ തുണികൾ കൂടുതൽ വൃത്തിയിൽ അലക്കുന്നതിനുള്ള അലക്കുന്നതിനുള്ള സൗകര്യം സെൻട്രൽ ലോൺട്രിയിൽ ലഭ്യമായി.
ക്രെഷ് – ശിശുപരിപാലന കേന്ദ്രം (5 ലക്ഷം രൂപ)
നാഷണൽ ക്രഷ് സ്കീമിന്റെ ഭാഗമായി തൃശൂർ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കൃഷ് പ്രവർത്തനം ആരംഭിക്കുന്നു. ആറ് മാസം മുതൽ ആറ്റ വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെയാണ് ക്രെഷിൽ പരിപാലിക്കുന്നത്.
കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസിക ഉല്ലാസം, പ്രീ സ്കൂൾ പ്രവർത്തനങ്ങൾ, മോണിറ്ററിംഗ് മുതലായവയ്ക്കുള്ള സാധനസാമഗ്രികൾ വനിതാ ശിശു വികസന വകുപ്പിന്റെ 2 ലക്ഷം രൂപ ഉപയോഗിച്ച് ക്രെഷിൽ സജ്ജീകരിച്ചിട്ടുണ്ട്. ക്രെഷ് കെട്ടിടത്തിൽ അടുക്കള, ടോയ്ലറ്റ് എന്നിവ സജ്ജീകരിക്കുകയും ശിശു സൗഹൃദ പെയിന്റിംഗ് നടത്തി കെട്ടിടം മനോഹരമാക്കുകയും ചെയ്തു.
നെഞ്ചുരോഗാശുപത്രിയിലെ നവീകരിച്ച റിസപ്ഷൻ ( 37 ലക്ഷം രൂപ)
നെഞ്ചുരോഗാശുപത്രിയിൽ റിസപ്ഷൻ ഏരിയ കൗണ്ടറുകൾ സ്ഥാപിച്ചും, ഗ്രാനൈറ്റ് പാകിയും രോഗികൾക്ക് ഓ പി ടിക്കറ്റ് / ഇൻഷുറൻസ് ആവശ്യങ്ങൾക്ക് വരുന്ന രോഗികൾക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
‘ലക്ഷ്യ’ – ഹൈ ഡിന്റൻസി യൂണിറ്റ് (15 ലക്ഷം രൂപ)
ഹൈ റിസ്ക് വിഭാഗത്തിൽ പ്പെടുന്ന ഗൈനക്കോളജി രോഗികൾക്ക് വിദഗ്ധ ചികിൽസ നല്കുന്നതിന് ഈ യൂണിറ്റിന്റെ പ്രവർത്തനം സഹായകരമാകും.
“ഹീമോഫീലിയ ക്ലിനിക് (15 ലക്ഷം രൂപ)
ഹീമോഫീലിയ, രക്ത സ്രവമുണ്ടാക്കുന്ന മറ്റു രോഗങ്ങൾ, തലസീമിയ, സിക്കിൾ സെൽ, അനീമിയ തുടങ്ങിയവരുടെ പരിചരണത്തിന് എൻഎച്ച് എം ഫണ്ട് ഉപയോഗിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജ് നെഞ്ച് രോഗാശുപത്രിയിൽ സജ്ജമാക്കിയ ഡേ കെയർ സെന്റർ ആണിത് .
മാതൃകാ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്ലിനിക്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്ലിനിക് പുതിയ ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.
നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലെ കാത്തിരിപ്പ് കേന്ദ്രം (25 ലക്ഷം രൂപ)
മാസം തികയാതെ ജനിക്കുന്ന ഐ സി യു വിൽ കഴിയുന്ന കുട്ടികളുടെ അമ്മമാർക്ക് കിടക്കുന്നതിനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നു.
ടെലി കൊബാൾട്ട് മെഷീൻ(3.50 കോടി രൂപ )
2018-19 സാമ്പത്തിക വർഷത്തിൽ വടക്കാഞ്ചേരി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചിലവഴിച്ച് വാങ്ങിച്ച ബാബട്രോൺ ടെലികോബാൾട്ട് മെഷിൻ റേഡിയേഷൻ രോഗികൾക്കായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ശരാശരി 20 കാൻസർ രോഗികൾക്ക് ദിനംപ്രതി റേഡിയേഷൻ നൽകിവരുന്നു.
ബ്ലഡ് ബാങ്ക് നവീകരണം (56.5 ലക്ഷം രൂപ)
ബ്ലഡ് ബാങ്കിന്റെ സ്ഥല സൗകര്യം വർധിപ്പിക്കുകയും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തനത്തിന് ഉതകും വിധം ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്റ്റർ തയാറാക്കുകയും ചെയ്തു.
ബ്ലഡ് ബാങ്ക് നവീകരണം (56.5 ലക്ഷം രൂപ)
ബ്ലഡ് ബാങ്കിന്റെ സ്ഥല സൌകര്യം വര്ധിപ്പിക്കുയകയും ആധുനിക ഉപകരണങ്ങളുടെ പ്രവര്ത്തനത്തിന് ഉതകും വിധം ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്റ്റർ തയാറാക്കുകയും ചെയ്തു.
കോംപ്രിഹെൻസീവ് ലാക്റ്റേഷൻ മാനേജെന്റ് സെന്റർ (സി എൽ എം സി)(70ലക്ഷം രൂപ)
മുലപ്പാൽ ഇല്ലാത്ത അമ്മമാരുടെ കുട്ടികൾക്ക് മുലപ്പാൽ നല്കുന്നതിന് മുലപ്പാൽ സംഭരിച്ച് ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനും വിതരണം ചെയുന്നതിനുമുള്ള സംവിധാനം ഇതോടെ പുതിയ ആശുപത്രിയിൽ ലഭ്യമാണ്.
സെൻട്രൽ ലൈബ്രറി കം ഓഡിറ്റോറിയം (ഒന്നാം ഘട്ടം) – നിർമ്മാണ ഉദ്ഘാടനം (5 കോടി രൂപ)
ദേശീയ മെഡിക്കൽ കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയുള്ള സെൻട്രൽ ലൈബ്രറിയുടെ 14000 ച. അടി വിസ്തീർണ്ണമുള്ള ഒന്നാം ഘട്ടം ആണ് ഇപ്പോൾ നിർമ്മിക്കുന്നത്.
ഡെന്റൽ കോളേജിന്റെ ലേഡീസ് ഹോസ്റ്റൽ (2.15 കോടി രൂപ)
13 കോടി രൂപ ചിലവിൽ തൃശൂർ ഡെന്റൽ കോളേജിന്റെ 200 പേർക്ക് താമസിക്കാവുന്ന വനിതാ ഹോസ്റ്റൽ സമുച്ചയത്തിന്റെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം ആണ് ഇപ്പോൾ ആരംഭിക്കുന്നത്.