ജില്ലയിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി യോഗം ചേര്‍ന്നു
നെല്ല് സംഭരണത്തിന് കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഉത്പന്നം പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കുന്നത് വരെയുള്ള സാങ്കേതിക പ്രക്രിയകള്‍ സുതാര്യമാക്കണമെന്ന് ജില്ലയിലെ നെല്ല് സംഭരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ അധ്യക്ഷനായ ചെയര്‍മാന്‍ വി.കെ ബേബി പറഞ്ഞു.
കര്‍ഷകര്‍ കഷ്ടപ്പെടുന്നതിനുള്ള പ്രതിഫലമായി മറ്റെതേങ്കിലും തൊഴിലിന് ലഭിക്കുന്നതിന് സമാനമായ രീതിയിലുള്ള പ്രതിഫലം നല്‍കണമെന്നതില്‍ തര്‍ക്കമില്ലെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി യാതൊരുവിധ മുന്‍വിധികളുമില്ലാതെയാണ് ചര്‍ച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സംവിധാനത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യപരമല്ലാത്ത പ്രവണതകള്‍ ഒഴിവാക്കണമെന്നും എല്ലാവരുടെയും ഉത്തരവാദിത്വത്തോടുകൂടി കര്‍ഷകര്‍ക്ക് പ്രാധാന്യമുള്ള റോള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷരുടെ മേല്‍നോട്ടവും താല്‍പര്യവും സംരക്ഷിച്ചുകൊണ്ട് അവരുടെ ഉത്പന്നത്തെ സംസ്ഥാനത്തെ നല്ല വിപണിയില്‍ എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കര്‍ഷകര്‍ അറിയിച്ച അഭിപ്രായങ്ങള്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ നടന്ന യോഗത്തില്‍ വിദഗ്ധ സമിതി സ്പെഷ്യല്‍ ഓഫീസര്‍ എല്‍.ആര്‍ ആരതി, ഡെപ്യൂട്ടി ഡയറക്ടര്‍ (കൃഷി) പി. സിന്ധുദേവി, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.ഡി മീന, എ.ഡി.എം കെ. മണികണ്ഠന്‍, ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കര്‍ഷകര്‍, പാടശേഖരസമിതി അംഗങ്ങള്‍, സപ്ലൈകോ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.