പാലക്കാട് ജില്ലാ അദാലത്തിലെ പരാതിക്കാരിയായ സ്ത്രീക്ക് തന്റെ പതിനഞ്ചുകാരനായ മകന്റെ പിതൃത്വം തെളിയിക്കുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. സ്‌കൂള്‍ പ്രിന്‍സിപ്പാളാണ് എതിര്‍കക്ഷി. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയാണ് ഡി.എന്‍.എ. പരിശോധന നടത്തുന്നത്. ഇതുള്‍പ്പെടെ 18 പരാതികള്‍ സിറ്റിങ്ങില്‍ തീര്‍പ്പാക്കി. അഞ്ച് പരാതികളില്‍ വിശദമായ പോലീസ് റിപ്പോര്‍ട്ട് തേടി. നാലെണ്ണത്തില്‍ പരാതിക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ തീരുമാനമായി. കുടുംബപ്രശ്നങ്ങള്‍, സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കല്‍, വസ്തു സംബന്ധമായ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ 40 കേസുകളാണ് സിറ്റിങ്ങില്‍ പരിഗണിച്ചത്. ബാക്കി 13 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സില്‍ നടന്ന സിറ്റിങ്ങില്‍ വനിതാ കമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി രാജീവ്, അഭിഭാഷകരായ അഡ്വ. സി. രമിക, അഡ്വ. സി. ഷീബ, കൗണ്‍സിലര്‍മാരായ പി. ജിജിഷ, പി. ബിന്ദ്യ, വനിതാ സെല്‍ എസ്.ഐ സി.എന്‍ ശ്രീപ്രിയ, സിവില്‍ പോലീസ് ഓഫീസര്‍ കെ. പമീല, കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബൈജു, ശ്രീധരന്‍, ബി.എസ് പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.