വയനാട് ജില്ലയില്‍ ആദ്യത്തെ അംഗീകൃത നഗരസൂത്രണ മാസ്റ്റര്‍പ്ലാനുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമെന്ന പദവി സുല്‍ത്താന്‍ ബത്തേരി നഗരസഭക്ക് സ്വന്തമായി. 2016 ലെ കേരള നഗരഗ്രാമാസൂത്രണ ആക്ട് പ്രകാരം സുല്‍ത്താന്‍ ബത്തേരി നഗരസഭയും തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗവും ചേര്‍ന്നാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയത്. ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കിയത്.

പ്രദേശത്തെ ലഭ്യമായ വിഭവങ്ങളും മനുഷ്യ ശേഷിയും മറ്റ് പ്രത്യേകതകളും കണക്കിലെടുത്ത് ജന പങ്കാളിത്തതോടെ ”സുസ്ഥിര നഗരം” എന്ന കാഴ്ചപ്പാട് ലക്ഷ്യമാക്കി 20 വര്‍ഷത്തേക്ക് വേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2019 ല്‍ കരട് മാസ്റ്റര്‍ പ്ലാന്‍ നഗരസഭ പ്രസിദ്ധീകരിക്കുകയും ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തിരുന്നു. 2016 ലെ കേരള നഗരഗ്രാമാസൂത്രണ ആക്ടും 2021 ലെ കേരള നഗരഗ്രാമാസൂത്രണ (മാസ്റ്റര്‍ പ്ലാനിന്റെ രൂപീകരണവും അനുമതി നല്‍കലും ചട്ടങ്ങളിലെ) ചട്ടവും പ്രകാരമാണ് അന്തിമ അനുമതി ലഭിച്ചത്.

പ്രദേശത്തിന്റെ തനതായ പരിസ്ഥിതി സംരക്ഷണത്തിനു അര്‍ഹമായ പ്രാധാന്യം നല്‍കുക, നഗരസഭയില്‍ ആസൂത്രിത സ്ഥലപര വികസനം കൈവരിക്കുക എന്ന വികസന ആശയം ലക്ഷ്യത്തോടെ നഗരസഭയെ വിവിധ മേഖലകളായി തിരിക്കും. ബസ് ടെര്‍മിനല്‍ കോംപ്ലക്സ്, സ്റ്റേഡിയം കോംപ്ലക്സ്, പാര്‍ക്ക് , ട്രക്ക് ടെര്‍മിനല്‍, ഓപ്പണ്‍ ഗ്രൗണ്ട് തുടങ്ങിയ പ്രത്യേക പദ്ധതികളും മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ദേശീയപാത ഉള്‍പ്പെടെ 15 ഓളം റോഡുകളുടെ വികസനവും മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വികസന പദ്ധതിയും ആവിഷ്‌കരിക്കേണ്ട ഘട്ടം, സാമ്പത്തിക സ്രോതസ്, നടപ്പിലാക്കേണ്ട ഏജന്‍സി എന്നിവ മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാനന്തവാടി, കല്‍പ്പറ്റ നഗരസഭകളിലും, എടവക ഗ്രാമപഞ്ചായത്തിലും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ മുന്നേറുകയാണ്.