കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ പ്ലാനിങ് ബോർഡുമായി ചേർന്ന് തൊഴിൽവകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ലേബർ കോൺക്ലേവ് മെയ് 24ന് വൈകിട്ടു ആറിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ തൊഴിൽരംഗത്ത് പുതിയ നയങ്ങൾക്കും മാറ്റങ്ങൾക്കുമുള്ള നാഴികക്കല്ലായി കോൺക്ലേവ് മാറുമെന്ന് തൊഴിലും നൈപു ണ്യവും വകുപ്പുമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തെലങ്കാന തൊഴിൽ മന്ത്രി ചാമകുറ മല്ലറെഡ്ഡി, ബീഹാർ തൊഴിൽ മന്ത്രി സുരേന്ദ്ര റാം, പുതുച്ചേരി തൊഴിൽ മന്ത്രി എസ് ചന്ദ്ര പ്രിയങ്ക, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഇന്ത്യാ ഹെഡ് സതോഷി സസാക്കി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തൊഴിലാളി തൊഴിലുടമാ സംഘടനാ പ്രതിനിധികൾ, ഭരണ – വിജ്ഞാന രംഗത്തെ പ്രമുഖർ, നിയമജ്ഞർ, ഐ എൽ ഒ പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിന കത്തെയും ഉന്നത ഉദ്യോഗസ്ഥർ, വിദഗ്ധർ തുടങ്ങി തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട 150 പ്രധാന വ്യക്തിത്വങ്ങൾ ഡെലിഗേറ്റ്സുകളായി കോൺക്ലേവിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.  ദേശീയ അന്തർദേശീയ സർവകാലാശാലകളിലെ വിദഗ്ധരും വിവിധ സെഷനുകളിൽ പങ്കെടുക്കും.

തൊഴിലാളികളുടെ അവകാശങ്ങളും നിയമനിർമ്മാണവും സാമൂഹ്യ സുരക്ഷയും, അനൗപചാരിക തൊഴിൽ രീതികളിൽ നിന്ന് ഔപചാരിക തൊഴിൽ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്നങ്ങളും വിശകലനവും, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും, ഗാർഹിക തൊഴിലാളികൾ, സ്‌കീം വർക്കേഴ്സ്, കെയർ വർക്കേഴ്സ് എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യവികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം, ലേബർ സ്ഥിതിവിവരങ്ങൾ എന്നീ വിഷയങ്ങളാണ് എഴു സെഷനുകളിലായി  രണ്ടാം ദിവസം  കോൺക്ലേവ് ചർച്ച ചെയ്യുക.

 പുതിയ കാലം തൊഴിൽ രംഗത്തുണ്ടാക്കുന്ന എല്ലാ വെല്ലുവിളികളെയും നേരിടാനും അതിജീവിക്കാനും അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവസരം നൽകുന്നതരത്തിൽ ഫലപ്രദമായ ഇടപെടലുകൾക്കും നയരൂപീകരണങ്ങൾക്കുമുള്ള ആശയങ്ങളും നിർദ്ദേശങ്ങളുമാണ് ഈ കോൺക്ലേവിൽനിന്നും സർക്കാർ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. വിവിധ സെഷനുകളിൽ അന്താരാഷ്ട്ര തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് അലക്സ് ഗോർഡെൻ  (നാഷണൽ യൂണിയൻ ഓഫ് റെയിൽ മാരിടൈം ആന്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് പ്രസിഡന്റ് യു കെ), റൊണാൾഡോ ലിയെറ്റ് (സെക്രട്ടറി, ബ്രസീലിയൻ വർക്കേഴ്സ് സെന്റർ, പ്രിമെൽ കുമാർ ഖനൽ (മെമ്പർ പ്രസിഡൻഷ്യൽ കൗൺസിൽ ഡബ്ല്യു എഫ് ടി നേപ്പാൾ), ജനക അഡികാരി (മെമ്പർ പ്രസിഡൻഷ്യൽ കൗൺസിൽ ഡബ്ല്യു എഫ് ടി ശ്രീലങ്ക), ജസ്റ്റിൻ മെഡീന (ആമസോൺ ലേബർ യൂണിയൻ യു എസ് എ ഓർഗനൈസിംഗ് കമ്മിറ്റി മെമ്പർ), ഐ എൽ ഒ പ്രതിനിധികളായ  ഗബ്രിയേൽ ബോർഡാഡോ,  ശ്രീനിവാസ് ബി റെഡ്ഡി, ഡോ സുക്തി ദാസ് ഗുപ്ത, ഡോ ഉമാ റാണി, മഹേന്ദ്ര നായിഡു, ദേശീയ തൊഴിലാളി സംഘടനാ പ്രതിനിധികളായ  എളമരം കരീം എം പി  (ദേശീയ സെക്രട്ടറി സി ഐ ടി യു), കെ ഹേമലത (സി ഐ ടിയും ദേശീയ പ്രസിഡന്റ്),  ശ്രീകുമാർ (എ ഐ ടിയുസി ദേശീയ സെക്രട്ടറി), ആർ സിന്ധു സി ഐ ടി യു ദേശീയ സെക്രട്ടറി,  തമ്പാൻ തോമസ് എച്ച എം എസ്  ദേശീയ സെക്രട്ടറി, ആർ ചന്ദ്രശേഖരൻ ഐ എൻ ടി യു സി പ്രസിഡന്റ് എന്നിവരും ദേശീയ  അന്തർദേശീയ സർവകലാശാലകളുടെ പ്രതിനിധികളും സംബന്ധിക്കും.            കോൺക്ലേവ്  26ന് സമാപിക്കും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി അജിത്കുമാർ, ലേബർ കമ്മീഷണർ ഡോ കെ വാസുകി, എംപ്ലോയ്‌മെന്റ് ഡയറക്ടർ വീണാ മാധവൻ, പ്ലാനിങ് ബോർഡ്  എക്‌സ്‌പെർട്ട് മെമ്പർ ഡോ രവിരാമൻ എന്നിവർ സംബന്ധിച്ചു.