സഹകരണ വകുപ്പ് ജില്ലാ ഭരണകൂടം, ജനകീയ കമ്മിറ്റി എന്നിവ തളിപ്പറമ്പ് താലൂക്ക് തിമിരി വില്ലേജിൽ തലവിൽ താമസിക്കുന്ന അരുന്ധതി വേലിയാട്ടിന് നിർമ്മിച്ച് നൽകിയ വീട്ടിന്റെ താക്കോൽ കൈമാറ്റം തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന് നബാർഡിന്റെ മികച്ച പ്രകടനത്തിനുള്ള അവാർഡ് രണ്ട് തവണ ലഭിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തുകയും ജനകീയ കമ്മിറ്റി സംഭരിച്ച തുകയും ചേർത്താണ് വീട് നിർമ്മിച്ചത്. ആറളം സ്വദേശിയായ മിനിക്കും മുൻപ് വീട് നിർമിച്ചു നൽകിയിരുന്നു.
പ്ലാനിംഗ് അസിസ്റ്റന്റ് രജിസ്ട്രാർ എം കെ സൈബുന്നിസ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ പി പി സുനിലൻ, തിമിരി വില്ലേജ് ഓഫീസർ ജെന്നിഫർ, കേരള ബാങ്ക് ഏരിയ മാനേജർ സി ജെ ജോൺ, തടിക്കടവ് സർവീസ് ബാങ്ക് പ്രസിഡണ്ട് പി വി രാമചന്ദ്രൻ, വാർഡ് മെമ്പർ സി കെ റജി, ജനകീയ കമ്മിറ്റി അംഗം പി വി ഗോപി എന്നിവർ സംസാരിച്ചു.