പട്ടികവര്‍ഗ്ഗ പട്ടികജാതി വര്‍ഗ്ഗക്കാരുടെ വീടുകളിലെല്ലാം വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

 

 

ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ നിയമപരമായി പരിഹരിക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും: മന്ത്രി എം.ബി രാജേഷ്

ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ നിയമപരമായി പരിഹരിക്കാന്‍ കഴിയുന്നവ ആദാലത്തില്‍ തന്നെ തീര്‍പ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ നേരിട്ട് വരുന്ന അപേക്ഷകള്‍ ഇന്നുതന്നെ തീര്‍പ്പാക്കുക പ്രായോഗികമല്ലാത്തതിനാല്‍ അവ പ്രത്യേകം കൗണ്ടറുകളില്‍ സ്വീകരിച്ച് തുടര്‍നടപടികള്‍ക്ക് വിടും.

ലൈഫ് സംബന്ധിച്ച പരാതികള്‍ക്കും വായ്പ ഒഴിവാക്കുന്നത് സംബന്ധിച്ച് പരാതികള്‍ക്കും നിയമപരമായ നടപടിക്രമങ്ങള്‍ ആവശ്യമായതിനാല്‍ അവ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഓണ്‍ലൈനില്‍ ലഭിച്ച പരാതികളില്‍ പരിഹരിക്കപ്പെടാത്തതും തൃപ്തികരമല്ലാത്ത മറുപടി ലഭിച്ചതുമായ പരാതികള്‍ അദാലത്തില്‍ ആദ്യം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആറുപേര്‍ക്ക് രണ്ട് മന്ത്രിമാരും സംയുക്തമായി ബി.പി.എല്‍ കാര്‍ഡ് കൈമാറി. എ. പ്രഭാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.