മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതനായ 10 വയസ്സുകാരന്‍ അര്‍ജുന് ബി.പി.എല്‍ കാര്‍ഡ് അനുവദിക്കാനും ജില്ലാ ആശുപത്രിയില്‍ തുടര്‍ ചികിത്സ സൗകര്യം ഒരുക്കാനും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ അടിയന്തര നിര്‍ദേശം നല്‍കി. മുന്‍ഗണന കാര്‍ഡിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി എലപ്പുള്ളി വില്ലേജ് ഓഫീസറോട് അദാലത്ത് വേദിയില്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി അടിയന്തര നിര്‍ദേശം നല്‍കി. വേദിയില്‍ നിന്നും നേരിട്ട് ഇറങ്ങിച്ചെന്ന് കുട്ടിയെ കണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു മന്ത്രി.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സ്വന്തമായി വീടിനുള്ള അപേക്ഷയും അദാലത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ട്. എലപ്പുള്ളി വാണിയംപാറ സ്വദേശികളായ പ്രകാശന്‍-സിന്ധു ദമ്പതികളുടെ മൂത്ത മകനാണ് അര്‍ജുന്‍. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായ അര്‍ജുന്‍ രണ്ടുവര്‍ഷമായി കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട് വീല്‍ചെയറിലാണ്. ആറാമത്തെ വയസ്സിലാണ് അര്‍ജുന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. എട്ടാമത്തെ വയസ്സില്‍ കാലുകളുടെ ചലനശേഷി നഷ്ടമാവുകയും വീല്‍ചെയറിലാവുകയുമായിരുന്നു.
പ്രകാശന് കൂലിപ്പണിയാണ്. ടീച്ചര്‍ ആയിരുന്നു സിന്ധു മകനെ ശുശ്രൂഷിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. കുന്നാച്ചി ഗവ. യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. അര്‍ജുന് ദിവസേന ഫിസിയോതെറാപ്പി ചെയ്യുന്നതിനായി 700 രൂപ ആവശ്യമാണ്. ഫിസിയോതെറാപ്പി നിലവില്‍ ഒരു സ്വകാര്യ സെന്ററിലാണ് നടന്നുവരുന്നത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവര്‍ പ്രതിമാസം 2500 രൂപ വാടക വരുന്ന വീട്ടിലാണ് താമസിച്ചുവരുന്നത് . ഒരു സ്വകാര്യ സംഘടനയുടെ സഹായത്തിലാണ് നിലവില്‍ ചികിത്സ നടത്തി വരുന്നത്. വൈകിട്ട് മൂന്നോടെ മന്ത്രിമാരായ എം.ബി രാജേഷും കെ. കൃഷ്ണന്‍കുട്ടിയും ചേര്‍ന്ന് അദാലത്ത് വേദിയില്‍ തന്നെ അര്‍ജുന് ബി.പി.എല്‍ കാര്‍ഡ് കൈമാറി.