മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ പിഴയും ക്രിമിനല്‍ നടപടി സ്വീകരിക്കും

അകത്തേത്തറ മാരിയമ്മന്‍ കോവിലിന് സമീപം കല്ലേക്കുളങ്ങരയില്‍ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി കിടക്കുന്ന കുളത്തിലെ മാലിന്യം ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാനും അതിന്റെ ചെലവ് ഉടമസ്ഥനില്‍ നിന്ന് ഈടാക്കാനും പാലക്കാട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ 2016 എസ്.ഡബ്ല്യൂ .എം നിയമം ഉള്‍പ്പെടെ ബാധകമായ മറ്റു നിയമങ്ങള്‍ പ്രകാരവും പിഴയും ക്രിമിനല്‍ നടപടികളും സ്വീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നും മന്ത്രി അകത്തെത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

കുളിക്കാനും കൃഷിക്കും ജലസേചനത്തിനുമായി ഉപയോഗിച്ചിരുന്ന കുളം ചെളി മൂടി കിടക്കുകയാണെന്ന് അകത്തേത്തറ കല്ലേക്കുളങ്ങര സ്വദേശി കെ.എ സജിത്ത് പരാതി നല്‍കിയിരുന്നു.  ഇപ്പോഴും മഴക്കാലത്ത് എല്ലാ ഭാഗങ്ങളില്‍ നിന്നും കുളത്തിലേക്ക് വെള്ളമെത്തും. ശുദ്ധജലസ്രോതസാകേണ്ടിയിരുന്ന കുളം വഴിയെ പോകുന്നവരും കുളത്തിന് ചുറ്റും താമസിക്കുന്നവരും വലിച്ചെറിയുന്ന ഖരമാലിന്യവും വീടുകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലവും കൊണ്ട്  ഉപയോഗശൂന്യമായതും ഇത് സമീപവാസികളുടെ കിണറുകളെ ബാധിച്ചതായും സജിത്ത് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.