കോമ്പോസിറ്റ് ടെൻഡർ വഴി നടത്തുന്നുവെന്നതാണ് കൊടുങ്ങല്ലൂർ മുനിസിപ്പൽ ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പ്രത്യേകതയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. കൊടുങ്ങല്ലൂർ നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിട നിർമാണം സമയബന്ധിതമായി നടത്തുന്നതിനായാണ് കോമ്പോസിറ്റ് ടെണ്ടർ നടപ്പാക്കിയത്. കെട്ടിട നിർമാണത്തിനും ഇലക്ട്രിക്കൽ ജോലിയ്ക്കുമുള്ള വേവ്വേറെ ടെണ്ടർ എന്ന രീതി മാറ്റി ഒറ്റ കരാർ എന്ന കാഴ്ചപ്പാടിലേക്ക് എത്തിക്കുന്നതാണ് കോമ്പോസിറ്റ് ടെണ്ടർ.

ഇതുവഴി ഇലക്ട്രിക്കൽ ജോലികൾ കെട്ടിടത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ആരംഭിക്കാനും അനാവശ്യ കുത്തിപ്പൊളിക്കലും അനുബന്ധ അറ്റകുറ്റ പണികളും ഒഴിവാക്കാനുമാകും. ഇത് ഗുണമേന്മ വർധിപ്പിക്കാനും നിർമാണ ചെലവ് കുറയ്ക്കാനും സഹായിക്കും. നിർമ്മാണം ആരംഭിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിലും സജീവമായി സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ നവീകരിച്ച് കൂടുതൽ ജനസൗഹൃദമാക്കാനുള്ള പദ്ധതികൾ ഇപ്പോൾ നടപ്പിലാക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിലാണ് റെസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ ബഡ്ജറ്റ് വിഹിതത്തിൽ 8.25 കോടി രൂപ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് കെട്ടിടം നിർമ്മിക്കുന്നത്. 18 മാസമാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി. അഞ്ച് നിലകളിലായി 4,647 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മുനിസിപ്പൽ ഓഫീസ് കെട്ടിടം ഒരുങ്ങുന്നത്.

വാഹന പാർക്കിംഗ് സൗകര്യം, ഇലക്ട്രിക്കൽ റൂം, സർവീസ് ടാങ്കുകൾ എന്നിവ ബേസ്മെന്റ് നിലയിലും റിസപ്ഷൻ, ഫ്രണ്ട് ഓഫീസ്, വിസിറ്റേഴ്സ് റൂം, മദേഴ്സ് റൂം, കൗൺസിലേഴ്സ് റൂം, ഹെൽത്ത് വിങ്ങ് സ്റ്റോർ , കുടുംബശ്രീ സി ഡി എസ്, റെക്കോർഡ് റൂം, ഡ്രൈവർ റൂം, ജനന മരണ രജിസ്ട്രേഷൻ ഓഫീസ്, കാന്റീൻ എന്നിവ ഒന്നാം നിലയിലും ഒരുങ്ങും. മീറ്റിംഗ് റൂം, ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർക്കായുള്ള റൂമുകൾ, ഡൈനിംഗ് ഹാൾ, കണ്ടിൻജന്റ് ലേബേഴ്സ് വിങ്ങ്, ലോക്കർ റൂമുകൾ എന്നിവ രണ്ടാം നിലയിലുമുണ്ടാകും. ഫയർ സ്റ്റെയർ ഉൾപ്പെടെ രണ്ട് സ്റ്റെയറുകൾ, രണ്ട് ലിഫ്റ്റുകൾ, ഓരോ നിലയിലും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ടോയ്‌ലറ്റുകൾ, അംഗപരിമിതിർക്കായുള്ള പാർക്കിംഗ് സൗകര്യവും ടോയ്‌ലറ്റുകളും, പ്രവേശിക്കാൻ റാമ്പ് എനീ സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും.

കൊടുങ്ങല്ലൂർ തെക്കേനടയിൽ നടന്ന ചടങ്ങിൽ അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷയായി. കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ ഗീത, മുനിസിപ്പൽ വൈസ് ചെയർമാർ അഡ്വ. വി. എസ് ദിനൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ, എൽസി പോൾ, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ രേഖ സൽപ്രകാശ്, എം യു ഷിനിജ , കെ.ആർ ജൈത്രൻ, ടി.എസ് സജീവൻ , വി എം ജോണി, നഗരസഭ മുനിസിപ്പൽ സെക്രട്ടറി എൻ.കെ വൃജ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.കെ ശ്രീമാല റിപ്പോർട്ട് അവതരിപ്പിച്ചു.