നശിച്ചു കൊണ്ടിരിക്കുന്ന ജല സ്രോതസ്സുകള്‍ വീണ്ടെടുക്കാന്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ശുചീകരണ ക്യാമ്പയിനുമായി വളയം ഗ്രാമപഞ്ചായത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെയും ഹരിത കേരളം മിഷന്റ ‘ഇനി ഞാന്‍ ഒഴുകട്ടെ ‘ എന്ന ക്യാമ്പയിന്റയും ഭാഗമായാണ് വളയം ഗ്രാമ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ മുതുകുറ്റി മുതല്‍ പൂങ്കുളം വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരമുള്ള പുഴ മൂന്നാം വര്‍ഷവും ശുചീകരിച്ചത്.

രാവിലെ ഏഴ് മണി മുതല്‍ ജനകീയ കൂട്ടായ്മയിലൂടെ നടന്ന ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇ.കെ വിജയന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി പ്രദീഷ് അധ്യക്ഷനായി.

ശുചീകരണത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ്ബ് പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, ജീവനക്കാര്‍, ഹരിതസേനാംഗങ്ങള്‍ എന്നിവരുള്‍പ്പടെ ആയിരത്തില്‍ അധികം സന്നദ്ധ പ്രവര്‍ത്തകര്‍ അണിനിരന്നു. ഗ്രാമ പഞ്ചായത്തിലെ 3, 4,5,6, വാര്‍ഡുകളിലൂടെ ഒഴുകുന്ന പുഴയുടെ ഭാഗങ്ങള്‍ ആറ് റീച്ചുകളായി തിരിച്ചാണ് ശുചീകരണം നടത്തിയത്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് ചാക്കുകളിലാക്കി.
എ കെ രവീന്ദ്രന്‍, അബ്ദുള്‍ റഹിമന്‍ എം സി, വി കെ രവീന്ദ്രന്‍, കെഎപി ആറാം ബറ്റാലിയന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പി കെ ശങ്കരന്‍, സിഎച്ച് ശങ്കരന്‍,വൈ എം ശ്രീധരന്‍, എന്നിവര്‍ സംസാരിച്ചു.

ജനപ്രതിനിധികളായ പിടി നിഷ, കെ വിനോദന്‍, എം സുമതി, വി പി ശശിധരന്‍, കെ കെ വിജീഷ്, എം ദേവി സെക്രട്ടറി കെ വിനോദ് കൃഷ്ണന്‍ അസി: സെക്രട്ടറി രാജീവന്‍ പുത്തലത്ത് എന്നിവര്‍ വിവിധ റീച്ചുകളില്‍ നേതൃത്വം നല്‍കി. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി കടമേരി ഉണ്ണിമാരാറും, സംഘവും നയിച്ച തായമ്പക അരങ്ങേറി. പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലെ തോടുകളും, നീരുറവകളും സംരക്ഷിക്കാന്‍ ശുചീകരണ പ്രവൃത്തികള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. പ്രദീഷ് പറഞ്ഞു.