അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയങ്ങളിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഇനിയും ആരംഭിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഓഫീസുകളോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടന്ന് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ പറഞ്ഞു.
സിറ്റിംഗിൽ ആകെ 68 പരാതികൾ പരിഗണിച്ചു. 11 പരാതികൾ തീർപ്പാക്കി. ഒരു പരാതി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ റിപ്പോർട്ടിനായി അയച്ചു. ഒരു കേസ് ജാഗ്രതാ സമിതിക്ക് കൈമാറി. 49 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി.
ഗാർഹിക പീഡനം, ജോലി സ്ഥലത്തുള്ള വിഷയങ്ങൾ തുടങ്ങിയ പരാതികളാണ് കമ്മീഷന്റെ മുൻപിൽ വന്നതിൽ കൂടുതലും. സ്വത്ത് എഴുതിവാങ്ങിയ ശേഷം മാതാപിതാക്കളെ ഉപദ്രവിക്കുകയും സ്വത്ത് തിരികെ ലഭിക്കാൻ അച്ഛനമ്മമാർ കോടതി കയറിയിറങ്ങേണ്ടി വരികയും ചെയ്യുന്ന അവസ്ഥ പരിതാപകരമാണെന്നും അവർ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ഭരണസമിതി മുൻകൈ എടുത്ത് സ്ഥിരമായ കൗൺസിലിംഗ് സംവിധാനം ഒരുക്കണം. റസിഡൻസ് ഏരിയകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്രവണത വർദ്ധിച്ച് വരികയാണ്. ഇത്തരം ഇടങ്ങളിൽ പോലീസ് ഇടപെടൽ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
വനിതാ കമ്മീഷൻ അംഗങ്ങളായ ഇന്ദിര രവീന്ദ്രൻ, പി.കുഞ്ഞയിഷ, കൗൺസിലർമാർ, വനിതാ സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.