4300 ആപ്ത മിത്ര വളണ്ടിയര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി
ഇടുക്കിയില്‍ നിന്നും 300 വളണ്ടിയര്‍മാര്‍
ജീവന്‍രക്ഷാ, ദുരന്തനിവാരണ മുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പരിശീലനം സിദ്ധിച്ച ആപ്ത മിത്ര വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗ്‌നിരക്ഷാസേനയുടെ പരിശീലനം പൂര്‍ത്തിയാക്കിയ 4300 ആപ്ത മിത്ര വളണ്ടിയര്‍മാരുടെ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പരിശീലനം ലഭിച്ചവരാണ് ആപ്ത മിത്ര വളണ്ടിയര്‍മാരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവര്‍ക്ക് ഉപകരണങ്ങള്‍ ലഭ്യമാക്കാനായി 3.75 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ലോകമൊട്ടാകെ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നു. കേരളത്തിന്റെ സ്ഥിതിയും ഭിന്നമല്ല. എന്നാല്‍ ദുരന്തഘട്ടങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ജനങ്ങളും വലിയതോതില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.
സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ആളുകളുടെ ഇടപെടല്‍ എങ്ങനെ കൂടുതല്‍ ഫലപ്രദമാക്കാം എന്ന ചിന്തയില്‍ നിന്നാണ് ആപ്ത മിത്ര രൂപമെടുത്തത്. ദുരന്തങ്ങള്‍ നേരിടാനും ജനങ്ങളെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും തദ്ദേശീയമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടതുണ്ട്. അത് മുന്നില്‍കണ്ടാണ് യൂത്ത് ഫോഴ്‌സ് പോലുള്ള സന്നദ്ധ സംഘടനകള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ആപ്ത മിത്രയും ആ തലത്തിലുഉള്ള കൂട്ടായ്മയാണ്. ഇങ്ങനെ വിവിധ കൂട്ടായ്മകള്‍ ഒന്നിച്ചുനിന്നാല്‍ ദുരന്ത വേളകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇടുക്കി ജില്ലയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 196 ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ഇടുക്കി ആപ്ത മിത്ര വോളണ്ടിയര്‍മാരില്‍ നിന്നും ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു.
കാല്‍വരി മൗണ്ട് കാല്‍വരി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പാസിംഗ് ഔട്ട് പരേഡ് ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വോളണ്ടിയര്‍മാരില്‍ നിന്നും സല്യൂട്ട് സ്വീകരിക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ദുരന്തമുഖത്ത് കാഴ്ചക്കാരാകാതെ ഒരുമയോടെ ആപ്ത മിത്ര എന്ന വാക്കിനെ അന്വര്‍ത്ഥമാക്കി ഒരു സുഹൃത്തിനെപോലെ സഹായം ചെയ്യാന്‍ കഴിയണമെന്ന് കളക്ടര്‍ പറഞ്ഞു.
ഏത് തരത്തിലുള്ള ദുരന്തങ്ങളോടും ആദ്യം പ്രതികരിക്കുന്നത് സമൂഹമാണ്. ദുരന്തങ്ങള്‍ സംഭവിക്കുന്ന ആദ്യ കുറച്ച് മണിക്കൂറുകളില്‍ തദ്ദേശീയവാസികളുടെ വേഗത്തിലുള്ള പ്രതികരണം ജനങ്ങളുടെ വിലപ്പെട്ട ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സഹായകരമാണ്. ഇതിനായി ദുരന്തത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കമ്മ്യൂണിറ്റി ലെവല്‍ വോളന്റിയര്‍മാരുടെ നിര്‍ണായക പങ്ക് മനസിലാക്കി സേര്‍ച്ച് & റെസ്‌ക്യൂ, ഫസ്റ്റ് എയ്ഡ് ടെക്‌നിക്കുകള്‍ തുടങ്ങിയ ദുരന്ത പ്രതികരണങ്ങളുടെ വിവിധ സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കി ഏത് ദുരന്തത്തോടും ഫലപ്രദമായും കാര്യക്ഷമമായും പ്രതികരിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ആപ്ത മിത്ര പദ്ധതി വഴി ചെയ്യുന്നത്. ഇടുക്കിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 300 വോളണ്ടിയര്‍മാരില്‍ 196 പേര്‍ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്തു. ഇടുക്കി സ്റ്റേഷന്‍ ഓഫീസര്‍ അഖിന്‍ സി പരേഡ് നയിച്ചു.
ജില്ലാ ഫയര്‍ ഓഫീസര്‍ അഭിലാഷ് കെ.ആര്‍, മൂന്നാര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബിജു വി.കെ, തൊടുപുഴ സ്റ്റേഷന്‍ ഓഫിസര്‍ അബ്ദുള്‍ സലാം എം.എച്ച്, കട്ടപ്പന സ്റ്റേഷന്‍ ഓഫീസര്‍ വരുണ്‍ എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ചിത്രം;
1.മുഖ്യമന്ത്രി പിണറായി വിജയന്‍ വോളണ്ടിയര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു