അടിമാലി കുതിരയളക്കുടിയില്‍ എക്സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മിനി ഫിറ്റ്നസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രായഭേദമന്യേ പൊതുജനങ്ങള്‍ ഫിറ്റ്‌നസ് സെന്ററിനെ പ്രയോജനപ്പെടുത്തുന്നതിന് ഉദാഹരണമാണ് 65കാരന്‍ ചെല്ലപ്പന്‍ മുതല്‍ 17കാരന്‍ നന്ദു വരെയുള്ളവര്‍.

അടിമാലി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ട്രൈബല്‍ സെറ്റില്‍മെന്റ് കുതിരയളക്കുടിയില്‍ പഞ്ചായത്ത് നല്‍കിയ കെട്ടിടത്തിലാണ് ഫിറ്റ്നസ് സെന്ററിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി ലഹരി വര്‍ജ്ജന മിഷനന്റെ ഭാഗമായി ഗോത്രസമൂഹത്തിലെ യുവാക്കളെയും കുട്ടികളെയും കായിക വിനോദത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം പകര്‍ന്ന് നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്ത് ആദിവാസി മേഖലയിലെ നാലാമത്തേതും ജില്ലയിലെ ആദ്യത്തെ ഫിറ്റ്നസ് സെന്ററുമാണ് കുതിരയളക്കുടിയിലേത്. ഒന്നര ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഫിറ്റ്നസ് സെന്ററിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിച്ചിട്ടുള്ളത്. വിവിധ ഭാരത്തിലുള്ള ഡംബല്‍സ്, വെയ്റ്റ് പ്ലേറ്റ് ഡിസ്‌ക്, സ്‌ക്വാട്ട് സ്റ്റാന്‍ഡ്, ഡംബല്‍ സ്റ്റാന്‍ഡ് തുടങ്ങി വിവിധയിനം ഉപകരണങ്ങളാണ് ഫിറ്റ്നസ് സെന്ററില്‍ സജ്ജീകരിച്ചിട്ടുള്ളത്.

65 കാരനായ കുതിരയളക്കുടി സ്വദേശി ചെല്ലപ്പന്‍ മുതല്‍ 17 കാരനായ നന്ദുവും അടക്കം നിരവധി യുവാക്കളാണ് മിനിഫിറ്റ്നസ് സെന്ററില്‍ പരിശീലനം നടത്തുന്നത്. രണ്ട് പരിശീലകരും ഫിറ്റ്നസ് സെന്ററിലുണ്ട്. കുതിരയള, ചാറ്റുപാറ, തട്ടേക്കണ്ണന്‍, മച്ചിപ്ലാവ് പെട്ടിമുടി, തലമാലി, കൊരങ്ങാട്ടി ഊരുകളിലുള്ള യുവതി യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഫിറ്റ്നസ് കേന്ദ്രത്തിന്റെ പ്രയോജനം ലഭ്യമാകും. കുതിരയളക്കുടി മിനി ഫിറ്റ്നസ് സെന്ററില്‍ സൗജന്യ സേവനമാണ് നല്‍കുന്നത്. രാവിലെയും വൈകിട്ടും ഇഷ്ടാനുസരണം സേവനം പ്രയോജനപ്പെടുത്താം.

കഴിഞ്ഞ ദിവസം കുതിരയളക്കുടിയില്‍ നടന്ന യോഗത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മിനി ഫിറ്റ്നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചത്. എംഎല്‍എ എ.രാജ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍, ത്രിതലപഞ്ചായത്തംഗങ്ങളായ സോളി ജീസസ്സ്, കെ.എസ് സിയാദ്, അനസ് ഇബ്രാഹിം,ബാബു കുര്യാക്കോസ്,വിമുക്തി മാനേജര്‍ ബാബു എന്‍ പിള്ള, ഊരുമൂപ്പന്‍ മനോജ് രംഗന്‍, ഊരുകാണി കെ.സി ചെല്ലപ്പന്‍ തുടങ്ങി വിവിധ സാമൂഹിക-രാഷ്ട്രീയ കക്ഷി നേതാക്കളടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു.