ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ തീരദേശ സേന രൂപീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനവും ഉപകരണങ്ങളുടെ വിതരണവും നീര്‍ക്കടവ് കടപ്പുറത്ത് വെച്ച് ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു.  കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി തീരദേശ സേന രൂപീകരിച്ചത്.

മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട വ്യക്തികളെ ഉള്‍ക്കൊളിച്ചുകൊണ്ട് കണ്ണൂര്‍, തലശേരി, അഴീക്കോട്, മാടായി എന്നീ 4 മല്‍സ്യഭവന്‍ കേന്ദ്രീകരിച്ച് 4 ഗ്രൂപ്പുകളെ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 5 പേര്‍ വീതമുളള ഓരോ ഗ്രൂപ്പുകള്‍ക്കും ഒരു തോണിയും, എഞ്ചിനും, ജി പി എസ് ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്കുമായി ജില്ലാ പഞ്ചായത്ത് 12.80  ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം ഇല്ലാത്ത സമയങ്ങളില്‍ യാനം മത്സ്യബന്ധനത്തിന് ഉപയോഗിക്കുക വഴി 20 പേര്‍ക്ക് ജീപനോപാധി ഒരുക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്ട്‌സില്‍ പരിശീലനം ലഭിച്ചവരും രക്ഷാപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ കെ കെ രത്‌നകുമാരി, ടി സരള, യു പി ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.