ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് ചാല്‍ ബീച്ചില്‍ മത്സ്യബന്ധന സാംസ്‌കാരിക യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ കടലിനെയും കടല്‍ത്തീരത്തെയും പ്ലാസ്റ്റിക് മുക്തമാക്കിക്കൊണ്ട് സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനും അതുവഴി കടല്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 7.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുക.
പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് മത്സ്യാകൃതിയിലുള്ള ബോട്ടില്‍ ബൂത്ത് (കളക്ഷന്‍ ബിന്നുകള്‍ ) നിര്‍മ്മിച്ച് ജില്ലയിലെ 5 പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ശുചിത്വ സാഗരം സുന്ദര തീരം സന്ദേശം ആലേഖനം ചെയ്ത ആറടി നീളത്തിലും നാലടി വീതിയിലുമുള്ള 18 ബോധവല്‍ക്കരണ നോട്ടീസ് ബോര്‍ഡുകള്‍ ജില്ലയിലെ വിവിധ കടല്‍ത്തീര പ്രദേശങ്ങളില്‍ സ്ഥാപിക്കും. ഇതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചൂട്ടാട് എന്നീ ബീച്ചുകളിലും മത്സ്യാകൃതിയിലുള്ള കലക്ഷന്‍ ബിന്നുകള്‍ വരും ദിവസങ്ങളില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രഡിഡണ്ട് പി പി ദിവ്യ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, സുബേദാര്‍ ശൗര്യ ചക്ര പി വി മനേഷ് എന്നിവര്‍ സംസാരിച്ചു